
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഇ-ഗവേണൻസ് പദ്ധതി പ്രകാരം 2010ൽ ആരംഭിച്ച ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ നടത്തിപ്പ് റവന്യൂ വകുപ്പിന് കൈമാറിയേക്കും. നിലവിൽ, സംസ്ഥാന ഐ.ടി മിഷനാണ് ചുമതല.
റവന്യൂ ഓഫീസുകളിൽ നിന്നുള്ള വരുമാനവും പൊതുജനങ്ങൾക്ക് ജാതിരേഖ അടക്കം വിവിധ ആവശ്യങ്ങൾക്ക് വേണ്ടിവരുന്ന 24 സർട്ടിഫിക്കറ്റുകളുമാണ് ഇ-ഡിസ്ട്രിക്റ്ര് വഴി വിതരണം ചെയ്യുന്നത്. നാഷണൽ ഇൻഫോർമാറ്റിക്സ് മിഷൻ തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പ്രവർത്തനം. സിവിൽ സപ്ലൈസ്, പഞ്ചായത്ത്, പൊലീസ്, മോട്ടാർ വെഹിക്കിൾ, വനം തുടങ്ങി 42 വകുപ്പുകളുടെ സേവനങ്ങളും ഇതുവഴിയായിരുന്നു. 2013ൽ എല്ലാ വകുപ്പുകളിലും ഐ.ടി സെൽ തുടങ്ങിയതോടെ അവരുടേതായ സോഫ്റ്റ്‌വെയറുണ്ടാക്കി.
റവന്യൂ വകുപ്പും ഐ.ടി സെൽ രൂപീകരിച്ച് മറ്റ് ഒമ്പത് ഇ-ഗവേണൻസ് പദ്ധതികൾ നടപ്പാക്കി. ഇതുമാത്രം ഐ.ടി.മിഷൻ വിട്ടുകൊടുത്തില്ല.
വെട്ടിലാക്കിയ ഐ.ടി മിഷൻ
റവന്യൂ മാന്വൽ പരിഷ്കരണത്തിന് ശേഷം റവന്യൂ സർട്ടിഫിക്കറ്റുകളിൽ നിരവധി മാറ്റങ്ങൾ വകുപ്പ് നിർദ്ദേശിച്ചിരുന്നെങ്കിലും ഐ.ടി മിഷൻ അതൊന്നും സജ്ജമാക്കിയില്ല. കോടതി ആവശ്യങ്ങൾക്കും മറ്റും പഴയ സർട്ടിഫിക്കറ്റിന്റെ സോഫ്റ്റ് കോപ്പിക്ക് വേണ്ടി വില്ലേജ് ഓഫീസർമാർ ഐ.ടി മിഷൻ ഓഫീസ് കയറിയിറങ്ങിയാലും കിട്ടാത്ത സ്ഥിതിയാണ്.
സർവീസ് ചാർജ് 10 കോടി
ഇതുവരെ വിതരണം ചെയ്ത അഞ്ചു കോടി സർട്ടിഫിക്കറ്റുകൾക്ക് സർവീസ് ചാർജായി 10 കോടി രൂപയാണ് ഐ.ടി മിഷന് ലഭിച്ചത്. സർവീസ് ചാർജ് ഈടാക്കുന്ന അക്ഷയ സെന്ററുകൾ വഴി അപേക്ഷിച്ചാലേ സർട്ടിഫിക്കറ്റ് കിട്ടൂ എന്ന പരാതിയുമുണ്ട്.
റവന്യൂ വകുപ്പ് നേരിട്ട്..
ഭൂനികുതി, ഓൺലൈൻ പോക്കുവരവ്, റവന്യൂ റിക്കവറി, ബിൽഡിംഗ് ടാക്സ്, ഇ-പേമെന്റ്, ഇ-പോസ്, ദുരന്ത സഹായം.