
പല കേസുകളിലും പൊലീസിന്റെ നിഗമനങ്ങളും ഫോറൻസിക് സയൻസ്  ലാബിന്റെ കണ്ടെത്തലുകളും തമ്മിൽ ചേരണമെന്നില്ല. കോടതി കൂടുതൽ വിലമതിക്കുന്നതും തെളിവായി സ്വീകരിക്കുന്നതും ഫോറൻസിക് ലാബിന്റെ റിപ്പോർട്ടാണ്. അടുത്തിടെ സെക്രട്ടേറിയറ്റിൽ ഫയലുകൾക്ക് തീപിടിച്ച വിഷയത്തിൽ പൊലീസിന്റെ അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ്  തീപിടിത്തത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഫോറിൻസിക് ലാബ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഷോർട്ട് സർക്യൂട്ട്  ഉണ്ടായിട്ടില്ല എന്നാണ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച അന്തിമ ഫലം പുറത്തുവന്നിട്ടില്ല.
നമ്മുടെ പൊലീസ് സേന പൊതുവെ മികച്ച വൈദഗ്ദ്ധ്യവും കഴിവും ഉള്ളവർ ഉൾപ്പെടുന്നതാണ്. ബാഹ്യ ഇടപെടലുകൾ ഒന്നും ഇല്ലെങ്കിൽ മിക്ക കേസുകളും താമസംവിനാ തെളിയിക്കാനും പ്രതികളെ പിടിക്കാനും അവർക്ക് കോടതിയിൽ ശിക്ഷ ഉറപ്പാക്കാനും കഴിവുള്ള ഒട്ടേറെപ്പേർ പൊലീസ് സേനയിലുണ്ട്. ഇവരിൽ ഒരു നേരിയ ശതമാനം ഇപ്പോഴും രാഷ്ട്രീയ നേതൃത്വത്തിന്റെ ആവശ്യമില്ലാത്ത ഇംഗിതങ്ങൾക്ക് വഴങ്ങാത്തവരാണ്. പക്ഷേ അവർക്ക് കൂടുതൽ അധികാരങ്ങൾ ഉള്ള ഒരു സ്ഥാനവും നൽകില്ല. ഏതെങ്കിലും അപ്രധാനമായ തസ്തികകളിൽ ഒതുക്കി നിയമിക്കും. ഇത് പൊലീസ് സേന ഭരിക്കുന്നവർ മറ്റുള്ള സേനാംഗങ്ങൾക്ക് നൽകുന്ന ഒരു സന്ദേശം കൂടിയാണ്. അതായത് ഏതു വിഭാഗത്തിന്റെയും തലപ്പത്ത് വരുന്നവർ മേധാവിയുടെ മനസറിഞ്ഞ് പെരുമാറണം എന്ന സന്ദേശമാണത്. ഇത് ഏറക്കുറെ പരിപാലിച്ച് തന്നെയാണ് സേന മുന്നോട്ട് പോകുന്നത്. എന്നാൽ ഇങ്ങനെയുള്ള പോക്ക് ചില കേസുകളുടെ കാര്യത്തിൽ പൊലീസ് സേനയെ അപ്പാടെ പാളം തെറ്റിക്കുകയും ഉയർന്ന കോടതികളിൽ നിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങുന്നതിന് ഇടയാക്കുകയും ചെയ്യും. പലപ്പോഴും ഭരിക്കുന്ന സർക്കാരിന് താത്പര്യമുള്ളവർ പ്രതിഭാഗത്തു വരുന്ന കേസുകളിലാണ്  ഇങ്ങനെ സംഭവിക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള അന്വേഷണമാണ് പൊലീസ് നടത്തിയതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വാളയാർ സംഭവത്തിൽ പ്രതികളെ വെറുതേ വിട്ടുകൊണ്ട് കോടതി പൊലീസിന്റെ വീഴ്ചകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതൊക്കെ സമൂഹത്തിൽ നിരവധി സംശയങ്ങൾക്ക് ഇടയാക്കും. പൊലീസിന്റെ തലപ്പത്തുള്ളവർ രാഷ്ട്രീയത്തിന്റെ തലപ്പത്തുള്ളവർക്ക് വേണ്ടി നിയമ വ്യവസ്ഥയെ വളച്ച് ഒടിക്കുകയാണോ എന്ന ചോദ്യമാണ് ഇത്തരം സംഭവങ്ങൾ ഉയർത്തുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച കേസുകളുടെ അന്വേഷണത്തിലും ഇതുതന്നെയാണ് ഉണ്ടാകുന്നത്.
പൊതുസമൂഹത്തിൽ ഇത്തരം സംശയങ്ങൾ നിലനിൽക്കെ കൂടുതൽ അധികാര സ്ഥാനങ്ങൾ കൈവശപ്പെടുത്താൻ പൊലീസ് സേന ശ്രമിക്കുന്നത് നിശ്ചയമായും ആക്ഷേപത്തിന് ഇടയാക്കും. ഫോറൻസിക്  ലാബിന്റെ മേധാവിയായി ഐ.ജി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബഹ്റ സർക്കാരിന് കത്തയച്ചിരിക്കുകയാണ്. ഫോറൻസിക് ലാബിന്റെ വിശ്വാസ്യതയെ തന്നെ ഭാവിയിൽ ബാധിക്കാനിടയുള്ള ഈ തീരുമാനം പൊതുജന ഹിതം മാനിച്ച് സർക്കാർ കൈക്കൊള്ളില്ല എന്ന് കരുതാം. ഫോറൻസിക് ലാബ് ഒരു ശാസ്ത്ര സ്ഥാപനമെന്ന നിലയിൽ കണക്കാക്കേണ്ട ഒന്നാണ്. അവിടെ ഇപ്പോൾ തുടർന്നു വരുന്നതുപോലെ ശാസ്ത്ര വിദഗ്ദ്ധരെ തന്നെയാണ് ഡയറക്ടർമാരായി നിയമിക്കേണ്ടത്. പ്രൊമോഷനിലൂടെ ഡയറക്ടറാവുന്ന രീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. നിലവിലുള്ള ഡയറക്ടർ വി.ആർ.എസ് എടുത്തേക്കും എന്ന വാർത്ത അറിഞ്ഞാണ് പൊലീസ് മേധാവി പുതിയ ആവശ്യമുന്നയിച്ച് കത്തയച്ചത്. എന്നാൽ വി.ആർ.എസ് എടുക്കുന്നു എന്ന തീരുമാനത്തിൽ നിന്ന് ഡയറക്ടർ പിന്മാറിയതിനാൽ തത്കാലം പ്രശ്നം കെട്ടടങ്ങി. പക്ഷേ, പൊലീസ് മേധാവിയുടെ കത്ത് സർക്കാരിന്റെ കൈയിലുള്ളിടത്തോളം ഇത്തരം ഒരു ആവശ്യം ഇനിയും ഉയർന്നുവരാം.
സംഭവസ്ഥലത്തു നിന്ന് ശേഖരിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഫോറൻസിക് ലാബുകൾ കോടതിയിലാണ് സമർപ്പിക്കുന്നത്. കോടതിയുടെ നിർദ്ദേശമനുസരിച്ചാണ് പിന്നീട് വിശദമായ പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇതിനിടയിൽ കയറാനുള്ള ഒരു ശ്രമമല്ലേ പൊലീസ് മേധാവി കത്തയച്ചതിലൂടെ നടത്തിയിരിക്കുന്നത് എന്ന് സംശയിക്കേണ്ടിവരും. വയനാട്ടിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ സംബന്ധിച്ച് പൊലീസിന്റെ റിപ്പോർട്ടിന് നേരെ എതിരാണ് ഫോറൻസിക് ലാബുകാർ തെളിവുകളുടെയും ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കോടതിയിൽ നൽകിയ റിപ്പോർട്ട്. ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് ജലീൽ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. എന്നാൽ സംഭവസ്ഥലത്തു നിന്നും പിടിച്ചെടുത്ത നാടൻ തോക്കുകളിൽ നിന്ന് വെടിപൊട്ടിയിട്ടില്ല എന്നാണ്  ഫോറൻസിക്  ലാബിന്റെ റിപ്പോർട്ട്. മാത്രമല്ല ജലീലിന്റെ വലതുകൈയിൽ ലഡ്ഡിന്റെ അംശം പുരണ്ടിട്ടില്ല എന്നതും അയാൾ തിരിച്ച് വെടിവച്ചിട്ടില്ല എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ലാബിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ വരുമ്പോൾ പൊലീസിന്റെ പല 'കഥ"കളും കോടതിയിൽ പൊളിഞ്ഞുവീഴാം. ഇതെല്ലാം കൂടി മനസിൽ വച്ചാവണം ഡി.ജി.പി, ഐ.പി.എസുകാരെ എഫ്.സി.എൽ ഡയറക്ടറാക്കണം എന്നാവശ്യപ്പെട്ടത്. സ്വന്തം കൈയിലുള്ള പല വിഭാഗങ്ങളും അവശ്യാനുസരണം വളച്ചും തിരിച്ചും ഓടിക്കുന്നവർക്ക് എല്ലാ അധികാര കേന്ദ്രങ്ങളും കൈവെള്ളയിൽ ഒതുക്കണമെന്ന് തോന്നുക തികച്ചും സ്വാഭാവികം.പക്ഷേ അത് അംഗീകരിക്കാതിരിക്കാനുള്ള വിവേകം സർക്കാർ കാണിക്കണം.