
24 വർഷങ്ങൾ കൊണ്ട് 250-ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ച സലിംകുമാറിന്റെ ജന്മദിനമായിരുന്നു ഇന്നലെ.
രണ്ടേ രണ്ട് സിനിമയിലഭിനയിക്കാനായി വന്നയാളാണ് താനെന്ന് സലിംകുമാർ മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
''ഒരു സിനിമയിലഭിനയിക്കാം. ആ സിനിമ കണ്ട് ആരെങ്കിലും ഒരു സിനിമയിൽക്കൂടി വിളിച്ചാൽ അതിലും അഭിനയിക്കാം." അതായിരുന്നു സലിംകുമാറിന്റെ മനസ്സിലിരുപ്പ്.
1996ൽ സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയാണ് സലിംകുമാറിന്റെ അരങ്ങേറ്റം. പിന്നെ ചെറുതും വലുതുമായ ഒരുപിടി വേഷങ്ങൾ. 2000-ൽ റിലീസായ തെങ്കാശിപ്പട്ടണമാണ് സലിംകുമാറിന് ബ്രേക്കായത്. പുതിയ കാലത്തിന്റെ ചിരിയുടെ പര്യായമായ താരത്തിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. കാൽനൂറ്റാണ്ടിലേക്ക് കടക്കുന്ന അഭിനയജീവിതത്തിൽ ഇരുനൂറ്റി അമ്പതിൽപ്പരം ചിത്രങ്ങൾ.
മമ്മൂട്ടിയുടെയും ദിലീപിന്റെയും സിനിമകളിലാണ് സലിംകുമാറിന് ഹിറ്റ് ക്യാരക്ടറുകൾ ഏറെയും കിട്ടിയത്. മീശമാധവൻ, കുഞ്ഞിക്കൂനൻ, മഴത്തുള്ളിക്കിലുക്കം, രാജമാണിക്യം, അണ്ണൻ തമ്പി, മായാവി, സി.ഐ.ഡി മൂസ, തിളക്കം, കല്യാണരാമൻ, തൊമ്മനും മക്കളും തുറുപ്പ് ഗുലാൻ, മായാവി, ക്രേസി ഗോപാലൻ, ചെസ്, ബെസ്റ്റ് ആക്ടർ, പോക്കിരിരാജ, മധുരരാജ, പാണിപ്പട, കഥ പറയുമ്പോൾ.. എണ്ണിപ്പറയാൻ എത്രയെത്ര ഉദാഹരണങ്ങൾ..
ചോക്ളേറ്റ്, ചതിക്കാത്ത ചന്തു, പുലിവാൽ കല്യാണം.. സലിംകുമാർ ചിരിയുടെ വെടിക്കെട്ട് ഒരുക്കിയ എത്രയെത്ര ചിത്രങ്ങൾ.
ചിരിയുടെ വഴികളിൽ നിന്ന് വേറിട്ട് നില്ക്കുന്നൊരു വേഷം സലിംകുമാറിന് ആദ്യമായി സമ്മാനിച്ചത് സംവിധായകൻ ലാൽജോസാണ്. അച്ഛനുറങ്ങാത്ത വീടിലെ സാമുവൽ എന്ന അച്ഛന്റെ വേഷം സലിംകുമാറിലെ നടന്റെ റേഞ്ച് വെളിവാക്കുന്നതായിരുന്നു. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം അച്ഛനുറങ്ങാത്ത വീടിലൂടെ സലിംകുമാറിനെ തേടിയെത്തി.
സാമുവലിനും മേലെയായിരുന്നു ആദാമിന്റെ മകൻ അബു. മികച്ച നടനുള്ള ദേശീയ പുരസ്കാരം അർഹതയ്ക്കുള്ള അംഗീകാരമായി അബുവിലൂടെ സലിം കുമാറിനെ തേടിയെത്തി.
ഒടുവിൽ റിലീസായ ധമാക്കയിലെ ഡോക്ടർ വേഷത്തിനുമുണ്ടായിരുന്നു സവിശേഷമായ ഒരു സലിംകുമാർ ടച്ച്. ക്യൂനിലെ വക്കീലാണ് സലിംകുമാറിന്റെ വേറിട്ട വേഷങ്ങളിൽ എടുത്തു പറയേണ്ട മറ്റൊന്ന്.
കംപാർട്ട്‌മെന്റ്, കറുത്ത ജൂതൻ, ദൈവമെ കൈതൊഴാം K. കുമാറാകണം എന്നീ മൂന്ന് ചിത്രങ്ങൾ സലിംകുമാർ സംവിധാനം ചെയ്തിട്ടുമുണ്ട്.