
മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്ന് തരിപ്പണമായി വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്തത് കർഷകരെ വലയ്ക്കുന്നു. പല റോഡുകളും സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്ന് തരിപ്പണമായി. പലയിടത്തും കാൽനട യാത്രപോലും സാധിക്കില്ല. കുണ്ടും കുഴിയുമായ ഈ റോഡുകളിലൂടെ കാൽനട പോലും ദുഃസഹമാണ്. മറ്റ് ഗ്രാമപഞ്ചായത്തുകളുമായി മലയിൻകീഴിനെ ബന്ധിപ്പിക്കുന്ന റോഡുകളാണ് ഇവയിൽ ഏറെയും.
മേപ്പൂക്കട- കുഴയ്ക്കാട് റോഡ് മാറനല്ലൂർ പഞ്ചായത്തുമായും അന്തിയൂർക്കോണം- കല്ലുവരമ്പ് റോഡ് കാട്ടാക്കട പഞ്ചായത്തുമായും ബന്ധിപ്പെടുത്തുന്നു. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ നിരവധി തവണ പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും സമീപിച്ചെങ്കിലും ഫലുമുണ്ടായില്ല. അന്തിയർക്കോണം- കല്ലുവരമ്പ്, മേപ്പൂക്കട- കുഴയ്ക്കാട് , മലയിൻകീഴ്-ശ്രീകൃഷ്ണപുരം- മഞ്ചാടി എന്നീ റോഡുകളുടെ തകർച്ചകാരണം ഇതുവഴി ഉണ്ടായിരുന്ന ബസ് സർവീസുകളും നിറുത്തലാക്കിയതോടെ ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിച്ചു. വിഷയത്തിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും റോഡുകൾ ടാറിംഗ് ആരംഭിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
യാത്ര ദുരിതമയം
റോഡുകളിലെ വെള്ളക്കെട്ട് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ സ്കൂൾ- കോളേജ് ബസുകളടക്കം ഇതുവഴി സഞ്ചരിച്ചിരുന്നു. ജീവൻ പണയംവച്ചാണ് വിദ്യാർത്ഥികൾ വാഹനങ്ങളിൽ ഇരുന്നിരുന്നത്.
പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡ് നവീകരിക്കുമെന്ന അധികൃതരുടെ വാഗ്ദാനമെല്ലാം പതിരായി.
മലയിൻകീഴ്-പഴയറോഡിൽ മാത്രമാണ് പേരിനെങ്കിലും അറ്റകുറ്റപ്പണി നടത്തിയത്. ഇതും യാതൊരു പ്രയോജനവും ഇല്ലാതെയായി.
പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകൾ നവീകരിക്കാൻ അധികൃതർ തയ്യാറാകണം. നഗരവുമായി ബന്ധിപ്പിക്കുന്ന നമ്മുടെ നാട്ടിലെ നടപ്പാതകൾക്ക് അധികൃതർ പ്രാധാന്യം കൽപ്പിക്കണം.
എൻ. ഷാജി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്
തകർന്ന റോഡുകൾ
മേപ്പൂക്കട-കുഴയ്ക്കാട്
അന്തിയൂർക്കോണം-കല്ലുവരമ്പ്
മലയിൻകീഴ്- ശ്രീകൃഷ്ണപുരം
മലയിൻകീഴ്- പഴയറോഡ്
ഇരട്ടക്കലുങ്ക്- പുത്തൻവിള
മൂഴിനട- മഞ്ചാടി
കരിപ്പൂര്- പനവിള