
തിരുവനന്തപുരം: രജിസ്റ്ററിൽ പേരു ചേർത്ത് ജനന സർട്ടിഫിക്കറ്റ് വാങ്ങാൻ ജനം തദ്ദേശസ്ഥാപനങ്ങൾ കയറിയിറങ്ങുന്നു. 2015 ജൂൺ 22ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യാത്തവർക്കാണ് പ്രശ്നം. ഇക്കാലയളവിൽ ജനിച്ച ഭൂരിഭാഗം പേർക്കും ലഭിച്ച സർട്ടിഫിക്കറ്റിൽ പേരില്ല.പ്രവസശേഷം കുട്ടികൾക്ക് ഉടൻ പേരിടാത്തതിനാൽ മറ്റു വിവരങ്ങളെല്ലാം ആശുപത്രി അധികൃതർ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ പേരിന്റെ സ്ഥാനം രേഖപ്പടുത്താതെയാണ് സർട്ടിഫിക്കറ്റ് നൽകിയത്. പേരിട്ട ശേഷം രജിസ്റ്ററിൽ ചേർത്താലേ ഉപയോഗയോഗ്യമായ സർട്ടിഫിക്കറ്റ് ലഭിക്കൂ.വിദ്യാഭ്യാസം, വിദേശയാത്ര തുടങ്ങിയ ആവശ്യങ്ങൾക്ക് സർട്ടിഫിക്കറ്റ് വേണ്ടവരാണ് പ്രതിസന്ധിയിലായത്.ജനന രജിസ്ട്രേഷനു ശേഷം 15വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് കേന്ദ്ര രജിസ്ട്രേഷൻ നിയമം. എന്നാൽ കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും രജിസ്ട്രേഷൻ ചട്ടം രൂപീകരിച്ചപ്പോൾ ഈ കാലയളവ് വ്യക്തമായി പരാമർശിച്ചിരുന്നില്ല. കേന്ദ്രനിയമം കർശനമായി പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ ജനറൽ സംസ്ഥാനങ്ങൾക്ക് 2015ൽ കത്ത് നൽകിയിരുന്നു.1970 ഏപ്രിൽ 1 മുതൽ 2015ജൂൺ 22 വരെ ജനിച്ചവർക്ക് പേരുചേർക്കാൻ അഞ്ചു വർഷവും അതിനു ശേഷമുള്ളവർക്ക് 15വർഷം നൽകി സംസ്ഥാനം ചട്ടംഭേതഗതി ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 2015 ജൂൺ 22വരെയുള്ളവർക്കുള്ള അവസരം ജൂൺ 22ന് അവസാനിച്ചു. ഇക്കാര്യം സർക്കാർ പരസ്യപ്പെടുത്തിയിരുന്നു.
താത്കാലിക പരിഹാരം
കേന്ദ്രനിയമത്തിൽ മാറ്റം വരുത്താനുള്ള രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യയുടെ അനുമതിക്കായി സർക്കാർ കത്തയച്ചു. വിഷയം അടിയന്തര പ്രാധാന്യമുള്ളതായതിനാൽ അനുമതി ലഭിക്കുന്നതുവരെയുള്ള കാലയളവിൽ പേരു ചേർക്കാൻ അവസരം നൽകുന്ന കാര്യം നിയമവകുപ്പിന്റെ പരിഗണനയിലാണ്. തിരുവനന്തപുരം കോർപറേഷനിൽ മാത്രം കഴിഞ്ഞ മൂന്നുമാസത്തിനിടെ 40 അപേക്ഷകളാണ് ലഭിച്ചത്.
'ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അടിയന്തര ഇടപടലാണ് നടത്തുന്നത്. ഉടൻ തീരുമാനമുണ്ടാവും".
- എം. രാമൻകുട്ടി
ജോയിന്റ് ഡയറക്ടർ
(ചീഫ് രജിസ്ട്രാർ ),പഞ്ചായത്ത്
പേരു ചേർക്കാൻ മറക്കരുത്
ജനനശേഷം ഒരാഴ്ചക്കുള്ളിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് ലഭ്യമാകും.
ഇത് എവിടെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.
കുട്ടിയുടെ പേരില്ലെങ്കിൽ തദ്ദേശസ്ഥാപനത്തിൽ പേരുചേർക്കാൻ അപേക്ഷ നൽകണം.
ഒരു വർഷം കഴിഞ്ഞാൽ നേരിട്ട് തദ്ദേശസ്ഥാപനത്തിലെത്തണം
2015 ജൂൺ 22ശേഷം ജനിച്ചവർക്ക് 15വർഷമാണ് ഇതിനുള്ള പരമാവധി സമയം.