
തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കേന്ദ്രാനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ വികസന കോർപറേഷൻ തയ്യാറാക്കിയ പദ്ധതിരേഖ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. തിരുവനന്തപുരം മുതൽ തിരൂർ വരെ ഇപ്പോഴത്തെ റെയിൽപാതയിൽ നിന്ന് മാറിയും തിരൂരിൽ നിന്ന് കാസർകോട് വരെ നിലവിലേതിന് സമാന്തരവുമാണ് അതിവേഗ പാത.
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. 63,941 കോടി ചെലവുള്ള പദ്ധതി അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം മികച്ച പ്രതിഫലം നൽകും.
കൊവിഡ് മാന്ദ്യത്തിനുശേഷം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ ത്വരിതപ്പെടുത്തുന്നതായിരിക്കും പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള ലൈൻ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിർമ്മാണം ചെലവേറിയതും കൂടുതൽ കെട്ടിടങ്ങൾ പൊളിക്കേണ്ടിവരുന്നതുമായതിനാലാണ് പുതിയത് സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.