
തിരുവനന്തപുരം: കേരളത്തിൽ ഇരുന്ന് പാട്ടുപാടി ഹിമവൽഭൂമിയുടെ മനംകുളിർപ്പിച്ച ദേവികയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. ഹിമാചൽ പ്രദശിലെ 'മായേനി മേരിയേ....' എന്ന നാടൻപാട്ട് പാടി ദേവഭൂമിയുടെ ഹൃദയം കവർന്ന പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസുകാരി ദേവികയെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ ദേവികയെ അഭിനന്ദിച്ചു.
ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ ഓഫീസിൽ നിന്നാണ് ദേവികയെ പറ്റിയും അവളുടെ പാട്ടിനെ പറ്റിയും പ്രധാനമന്ത്രിയുടെ ഓഫീസിൽ അറിയിച്ചത്. അതിന് പിന്നാലെ ദേവികയുടെ പാട്ട് കേട്ട പ്രധാനമന്ത്രി അവളുടെ ആലാപനത്തെ ശ്രുതിമധുരം എന്ന് വിശേഷിപ്പിച്ച് മലയാളത്തിൽ തന്നെ അഭിനന്ദന സന്ദേശം കുറിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ:
ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം ! അവളുടെ ശ്രുതിമധുരമായ ആലാപനം 'ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ' അന്തസത്ത ശക്തിപ്പെടുത്തുന്നു !
നാടറിഞ്ഞത് കേരളകൗമുദിയിലൂടെ
തിരുമലയിലെ വീട്ടിലിരുന്ന് ദേവിക പാടിയ ഗാനം ഹിമാചൽ പ്രദേശിൽ സൂപ്പർഹിറ്റായത് ഒക്ടോബർ 4ന് കേരളകൗമുദിയിൽ. തലേന്ന് കേരളകൗമുദി യൂട്യൂബ് ചാനലിലും ദേവികയുടെ അഭിമുഖവും ഗാനവും. ദേവികയുടെ പാട്ട് ഹിമാചലിന് പരിചയപ്പെടുത്തിയ ഗായകൻ താക്കൂർദാസ് രാഥി ദേവിക മലയാളിയാണെന്നറിഞ്ഞത് 'കേരളകൗമുദി'യിൽ നിന്നാണ്. തുടർന്ന് ദേവികയുടെ ശബ്ദത്തിനൊപ്പം അദ്ദേഹം പാടിയതിന്റെ വീഡിയോ കേരളകൗമുദിക്കു വേണ്ടി അയച്ചു. അതും വൈറലായി.
പാട്ട് പ്രധാനമന്ത്രിക്കു മുന്നിലെത്തും മുമ്പ്:
സെപ്തംബർ 29: ദേവികയുടെ ഗാനം കേന്ദ്രീയ വിദ്യാലയത്തിന്റെ വെബ്സൈറ്റിൽ
സെപ്തംബർ 30: ഗാനം താക്കൂർദാസ് രാഥിയുടെ ഫേസ്ബുക്കിൽ
ഒക്ടോബർ 4: വാർത്ത കേരളകൗമുദിയിൽ, പാട്ട് വൈറൽ. 20 ലക്ഷത്തിലേറെ പേർ കണ്ടു. വാർത്ത കണ്ട് പിന്നണിഗായിക ലൗലി ജനാർദ്ദനൻ ദേവികയെ സംഗീതം പഠിപ്പിക്കാൻ മുന്നോട്ടു വന്നു
ഒക്ടോബർ 5: കേരളകൗമുദിക്കു വേണ്ടി ദേവികയുടെ ശബ്ദത്തിനൊപ്പം താക്കൂർദാസ് പാടിയ വീഡിയോ പുറത്തിറങ്ങി. ദേവികയെ പാടാൻ ക്ഷണിച്ച് താക്കൂർദാസ്.
കേരളകൗമുദി റിപ്പോർട്ട് താക്കൂർ ദാസ് ഷെയർ ചെയ്തു
വാർത്ത കണ്ട് മന്ത്രി എ.കെ.ബാലൻ ദേവികയെ വിളിച്ച് അഭിനന്ദിച്ചു
ഒക്ടോബർ 7: ഹിമാചൽ ചീഫ് സെക്രട്ടറി അനിൽകുമാർ കാഞ്ചി പാട്ടും വീഡിയോയും കേരളകൗമുദി വാർത്തയും ശ്രദ്ധിക്കുന്നു
ഒക്ടോബർ 8: വാർത്തയുടെ പരിഭാഷയും വീഡിയോകളും ഹിമാചൽ മുഖ്യമന്ത്രിക്കു മുന്നിൽ. അദ്ദേഹം ഫേസ്ബുക്കിലൂടെ ദേവികയെ അഭിനന്ദിച്ചു. ഹിമാചലിലേക്ക് ക്ഷണവും.
''ഈ പെൺകുട്ടിയുടെ ഹിമാചൽഗാനം ഞാൻ കേൾക്കുന്നത് 'കേരളകൗമുദി'യിലൂടെയാണ്. അവളെ ആദ്യം പരിചയപ്പെടുത്തിയത് കേരളകൗമുദിയാണ്. കേരളകൗമുദി വാർത്തയാണ് മറ്റുള്ളവർ പിന്തുടർന്നത്''- മന്ത്രി എ.കെ.ബാലൻ
''ഇപ്പോൾ സ്വപ്നലോകത്താണ്. പ്രോത്സാഹിപ്പിച്ചത് കേരളകൗമുദിയാണ്. സംഗീതം പഠിക്കാനുള്ള വഴി ഒരുക്കിയതുമുതൽ എല്ലാം''- ദേവികയും കുടുംബവും
മുഖ്യമന്ത്രിയുടെ കുറിപ്പ്:
''ഭാഷകളുടെ അതിർവരമ്പുകൾക്കപ്പുറത്ത് എല്ലാവരേയും ചേർത്തു നിർത്തുന്ന ഐക്യമാണ് ഇന്ത്യ എന്ന ആശയത്തിന്റെ അന്തഃസത്ത. ദേവിക ആലപിച്ച ഹിമാചലിലെ നാടോടി ഗാനം അനേകം പേർ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്തത് പരിധികളില്ലാത്ത ഹൃദയൈക്യത്തിന്റെ കൂടി കാഴ്ചയാണ്. മറ്റു സംസ്കാരങ്ങളെ അടുത്തറിയാനും ആസ്വദിക്കാനും സാധിക്കുന്ന ഹൃദയവിശാലതയാണ് ഈ കാലത്തിന്റെ ആവശ്യം. അതിനവസരമൊരുക്കിക്കൊണ്ട് ഹൃദ്യമായി ഗാനം ആലപിച്ച ദേവികയ്ക്ക് അഭിനന്ദനങ്ങൾ''