forensic

തിരുവനന്തപുരം: മുതി‌ർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഫോറൻസിക് സയൻസ് ലാബ് ഡയറക്ടറാക്കണമെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ശുപാർശ സർക്കാർ തള്ളിയേക്കും. ലാബിന്റെ സ്വതന്ത്രസ്വഭാവം നിലനിറുത്തണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ക്രിമിനൽ കേസന്വേഷണങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ഫോറൻസിക് ലാബിൽ പൊലീസുദ്യോഗസ്ഥനെ നിയമിച്ചാൽ അനാവശ്യ ഇടപെടലുണ്ടാവുമെന്ന് ആക്ഷേപമുണ്ട്. ലാബിലെ മുതിർന്ന ശാസ്ത്രജ്ഞരെയാണ് ലാബിന്റെ ഡയറക്ടറായി നിയമിക്കാറുള്ളത്.

ഇതു മാ​റ്റി ഐ.ജി അല്ലങ്കിൽ ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡയറക്ടറാക്കണമെന്നാണ് ഡി.ജി.പിയുടെ ആവശ്യം. നിലവിലെ ഡയറക്ടർ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിട്ടുണ്ട്. അതിന് ശേഷമുള്ള ശാസ്ത്രജ്ഞർക്കൊന്നും പ്രവൃത്തി പരിചയമില്ലെന്ന കാരണം പറഞ്ഞാണ് ആഭ്യന്തര വകുപ്പിന് ഡി.ജി.പി കത്ത് നൽകിയത്.

ഏതാനും മാസം മുമ്പ് ഏതാനും പൊലീസുകാരെ ലാബിൽ ഡി.ജി.പി നിയമിച്ചിരുന്നു. പൊലീസിന് അധികാരമില്ലാത്ത ലാബിന്റെ നിയന്ത്രണം ഏ​റ്റെടുക്കാനുള്ള തുടക്കമാണിതെന്ന് ആക്ഷേപം അന്നേ ഉയർന്നിരുന്നു. പൊലീസുദ്യോഗസ്ഥൻ ഡയറക്ടറായാലും ഭരണനിർവഹണത്തിലല്ലാതെ, ശാസ്ത്രീയ പരിശോധനയിൽ ഇടപെടില്ലെന്നാണ് ഡി.ജി.പിയുടെ വാദം.