
ബാലരാമപുരം: കൊവിഡ് പ്രതിസന്ധിക്കിടെ നിർമ്മാണം പുരോഗമിക്കുന്ന കരമന-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംറീച്ചായ പ്രാവച്ചമ്പലം- കൊടിനട നാലുവരിപ്പാതയുടെ ഉദ്ഘാടനം ജനുവരിയോടെ നടക്കും. പ്രാവച്ചമ്പലം രാജപാതയിലെ ടാറിംഗ് ജോലികളൊഴിച്ചാൽ രണ്ടാംഘട്ടത്തിലെ ജോലികൾ ഭൂരിഭാഗവും പൂർത്തീയായതായി കരാർ കമ്പനി യു.എൽ.സി.എസ് അറിയിച്ചു. അടുത്തവർഷം ജനുവരിയോടെയാണ് ദേശീയപാതയുടെ പദ്ധതി കാലാവധി അവസാനിക്കുന്നത്. 115 കോടി രൂപയാണ് രണ്ടാംഘട്ട വികസനത്തിന് കിഫ്ബി വഴി സർക്കാർ അനുവദിച്ചത്. പുറമേ പാതയോരങ്ങളിൽ സിഗ്നൽ സംവിധാനം നടപ്പിലാക്കാൻ കെൽട്രോണിന് പ്രത്യേക ഫണ്ട് അനുവദിച്ച് അനുമതി നൽകി. ഇടയ്ക്ക് പല സ്ഥലങ്ങളിലും തർക്കങ്ങൾ ഉണ്ടായെങ്കിലും സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് പണികൾ വേഗത്തിലായി. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ 50 ദിവസത്തോളം പണികൾ തടസപ്പെട്ടിരുന്നു. വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കലും നെയ്യാർഡാം ഷട്ടർ തുറന്നതിനെ തുടർന്ന് രണ്ടുമാസത്തോളം പാരൂർക്കുഴി പാലത്തിന്റെ പണികൾ തടസപ്പെട്ടതും തിരിച്ചടിയായി.
കൊവിഡിനെയും അതിജീവിച്ച്
270 തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥലത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് നൂറിൽതാഴെ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതും വെല്ലുവിളിയായി. എന്നാൽ കൊവിഡ് ഭീഷണിയാകുമെന്ന് മുന്നിൽക്കണ്ട് നാല് ബഹുനില മന്ദിരങ്ങൾ തൊഴിലാളികളുടെ സുരക്ഷയ്ക്കായി യു.എൽ.സി.എസ് സജ്ജമാക്കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിച്ച് രാത്രികാലങ്ങളിലും നിർമ്മാണം മുന്നോട്ടുകൊണ്ടുപോയത്.
5 കിലോമീറ്ററിൽ ഹൈമാസ്റ്റ്
ലൈറ്റും തെരുവ് വിളക്കുകളും
പ്രാവച്ചമ്പലം മുതൽ കൊടിനട വരെ അഞ്ച് കിലോമീറ്റർ പരിധിയിൽ 200 ഓളം തെരുവ് ദീപങ്ങൾ സ്ഥാപിക്കും. പ്രധാന ജംഗ്ഷനുകളായ പ്രാവച്ചമ്പലം, പള്ളിച്ചൽ, വെടിവച്ചാൻ കോവിൽ, മുടവൂർപ്പാറ എന്നീ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. ഇടറോഡുകൾ സംഗമിക്കുന്ന പ്രധാന സ്ഥലങ്ങളിൽ മീഡിയനുകളും ഐലന്റും സ്ഥാപിക്കുന്ന ജോലികൾ കെൽട്രോണാണ് ഏറ്റെടുത്തിരിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കി അധികൃതർ പോയെങ്കിലും ടാറിംഗ് പൂർണമായാൽ മാത്രമേ മറ്റ് ജോലികളിലേക്ക് കടക്കൂ.
നാലുവരി ഗതാഗതം തുടങ്ങി
-ദേശീയപാതയുടെ രണ്ടാം റീച്ചായ പ്രാവച്ചമ്പലം –കൊടിനട വരെ നാലുവരിപ്പാതയുടെ ട്രയൽ ഗതാഗതം ആരംഭിച്ചിട്ടുണ്ട്. പള്ളിച്ചൽ തോട് മുതൽ കൊടിനട വരെയാണ് ഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്. തടസങ്ങൾ നീങ്ങി ബാലരാമപുരം കൊടിനട മുതൽ ജംഗ്ഷൻ വരെ ടാറിംഗ് ജോലികളും നടന്നുവരികയാണ്. ഏറ്റെടുക്കാതെപോയ കൊടിനട മുതൽ ബാലരാമപുരം ജംഗ്ഷൻ വരെ വലതുഭാഗത്ത ഭൂമി ഏറ്റെടുക്കൽ മൂന്നാംഘട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രാവച്ചമ്പലം മുതൽ കൊടിനട വരെ നാലുവരിപ്പാതയിൽ ഗതാഗതം സുഗമമാക്കുമെന്ന് കമ്പനി അറിയിച്ചു.
കരമന - കളിയിക്കാവിള പാത
ആകെ നീളം - 29 കിലോമീറ്റർ
വീതി - 32.2 മീറ്റർ