
കൊല്ലം: എട്ടും പത്തും വയസുള്ള മക്കളെ സഹായികളാക്കി ചാരായം വാറ്റി വിറ്റിരുന്ന മദ്ധ്യവയസ്കൻ പിടിയിൽ. കരുനാഗപ്പള്ളി, തഴവാ സൗത്ത് വെസ്റ്റ് പ്രസാദ് ഭവനത്തിൽ പ്രസാദാണ് (50) എക്സൈസ് പിടിയിലായത്.
പത്ത് ലിറ്റർ ചാരായവും 40 ലിറ്റർ കോടയും പ്രസാദിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. കൊല്ലം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. പ്രസാദ് വൻതോതിൽ ചാരായം വാറ്റുന്നതായും മദ്യപിച്ച് പരിസര വാസികൾക്ക് ശല്യം ഉണ്ടാക്കുന്നുവെന്നുമായിരുന്നു രഹസ്യവിവരം.
സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ്, എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ നഹാസ്, ശ്രീനാഥ്, ശരത്ത് എന്നിവർ തഴവ വട്ടപറമ്പ് ജംഗ്ഷനിലെത്തി. പ്രിവന്റീവ് ഓഫീസർ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷയിൽ ആവശ്യക്കാരെന്ന വ്യാജേന പ്രസാദിനെ സമീപിച്ചാണ് കുടുക്കിയത്. എക്സൈസ് സംഘം എത്തുമ്പോൾ പ്രസാദ് ചാരായം വിൽക്കാൻ വീട്ടിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രസാദ് നേരത്തെയും അബ്കാരി കേസിൽ പിടിയിലായിട്ടുണ്ട്.