
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ ഇടപാടിന്റെ രേഖകൾ വിജിലൻസ് കണ്ടെടുത്തു. സന്ദീപ് നായർ, സരിത്, സന്തോഷ് ഈപ്പൻ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് രേഖകൾ ലഭിച്ചത്. യൂണിടാക് ഡയറക്ടർ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിലൂടെ കമ്മിഷൻ ഇടപാടിന്റെ സ്ഥിരീകരണവും ലഭിച്ചു. അതേസമയം, സ്വപ്നുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിച്ചിട്ടില്ല.
സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് ഉടൻ കൊച്ചി എൻ.ഐ.എ കോടതിയെ സമീപിക്കും.
കരാറുണ്ടാക്കിയതിന്റെ തൊട്ടടുത്ത ദിവസം യു.എ.ഇ കോൺസുലേറ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യൂണിടാക്കിന്റെ അക്കൗണ്ടിലേക്ക് 7.5 കോടി രൂപ കൈമാറിയതിന്റെ രേഖകൾ ലഭിച്ചു. തുടർന്ന് യൂണിടാക്കിന്റെ അക്കൗണ്ടിൽ നിന്ന് സന്ദീപ് നായരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് 4.20 കോടി രൂപ നൽകി. ഇതിൽ നിന്ന് 3.60 കോടി രൂപ പിൻവലിച്ചതിന്റെ രേഖകളും ലഭിച്ചു. ഈ തുക ഡോളാറായും രൂപയായും കോൺസുലേറ്റ് ജീവനക്കാരനും ഈജിപ്ത് സ്വദേശിയുമായ ഖാലിദിന് കൈമാറിയതായി സ്വപ്ന അറിയിച്ചിരുന്നെന്ന് സന്തോഷ് ഈപ്പൻ വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നു.
യൂണിടാക്ക് നൽകിയ തുകയിൽ 60 ലക്ഷം രൂപ സന്ദീപ്, സരിത്, സ്വപ്ന എന്നിവർ വീതിച്ചെടുത്തതായും മൊഴിയുണ്ട്. അതേസമയം, യൂണിടാക്കിലെ മുൻ ജീവനക്കാരൻ യദു സുരേന്ദ്രന് ആറ് ലക്ഷം രൂപ നൽകാമെന്ന് സ്വപ്നയും സംഘവും പറഞ്ഞിരുന്നെങ്കിലും അത് നൽകിയിരുന്നില്ലെന്ന് യദു വിജിലൻസിനോട് വ്യക്തമാക്കി.
ഖാലിദിന് നൽകിയ തുകയിലെ ഇന്ത്യൻ രൂപ ഒരു മണി എക്സ്‌ചേഞ്ച് സ്ഥാപനത്തിന്റെ സഹായത്തോടെ ഡോളറാക്കി മാറ്റിയിരുന്നുവെന്നും വിജിലൻസ് സ്ഥിരീകരിച്ചു. ഇത് ദുബായിലെത്തിച്ച് കോൺസൽ ജനറലിന് നൽകിയെന്ന് സ്വപ്ന പറഞ്ഞിരുന്നതായും സന്തോഷ് ഈപ്പൻ മൊഴിനൽകി. ഒമാൻ വഴി ദുബായിൽ എത്തിയാണ് സ്വപ്ന പണം കൈമാറ്റം നടത്തിയത്.
അതേസമയം, കരാറുമായി ബന്ധപ്പെട്ട് ലൈഫ് മിഷനിലെ ഉദ്യോഗസ്ഥ തലത്തിൽ കോഴ കൈമാറ്റം നടന്നിട്ടുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കുകയാണ്. വടക്കാഞ്ചേരി പദ്ധതി പ്രദേശം വിജിലൻസ് സന്ദർശിക്കും. വടക്കാഞ്ചേരി നഗരസഭയിൽ കൂടുതൽ പരിശോധനകളും നടത്തിയേക്കും.