
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിദിന രോഗികൾ ആദ്യമായി 11,000 കടന്നു. ഇന്നലെ 11,755 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 10,471 പേർ സമ്പർക്ക രോഗികളാണ്. 952 പേരുടെ ഉറവിടം വ്യക്തമല്ല. 24 മണിക്കൂറിനിടെ 66,228 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 17ആയി. 116 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 23 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 1632 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 1324,തിരുവനന്തപുരം 1310, തൃശൂർ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂർ 727, പാലക്കാട് 677, കാസർകോട് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥിതി. 7570 പേർ രോഗമുക്തരായി. 2,80,387 പേരാണ് നിരീക്ഷണത്തിലുള്ളത്.
ചികിത്സയിലുള്ളവർ ഒരുലക്ഷത്തിലേക്ക്
സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെവരെ 95,918 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിനം രോഗികൾ കുതിച്ചുയരുമ്പോൾ എല്ലാവർക്കും ചികിത്സലഭ്യമാക്കുകയെന്നത് കടുത്തവെല്ലുവിളിയാണ്. മരണസംഖ്യ ഉയരാനും കാരണമാകും. ഇതുവരെ 978 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,798,55 പേർ കൊവിഡ് ബാധിതരായതിൽ 1,82,874 പേർ രോഗമുക്തരായി.