
വെള്ളറട: അരക്കോടിയോളം രൂപ വില വരുന്ന 55 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. വെള്ളറട ആനപ്പാറ പൂവൻകുഴി കോളനിയിൽ നാഗരാജൻ (35), കിളിയൂർ സ്വദേശി നിഖിൽ ( 21), കോവില്ലൂർ സ്വദേശി ആരിഫ് (18) എന്നിവരാണ് പിടിയിലായത്. നാഗരാജന്റെ വീട്ടിൽ രണ്ടുകിലോവീതം പൊതികളാക്കി ചാക്കിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. മലയോരമേഖലയിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവർ. പ്രതികളിൽ നിന്നും നേരത്തേയും കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഘത്തിൽ പ്രധാന പ്രതിക്കായി തെരച്ചിൽ ശക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ആന്റി നർക്കോട്ടിക് ഷാഡോ ടീം എസ്.ഐ ഷിബുകുമാർ, വെള്ളറട സി.ഐ എം. ശ്രീകുമാർ, വെള്ളറട എസ്.ഐ രാജ് തിലകം, ഷാഡോ ടീം സി.പി.ഒ മാരായ അനക്‌സ്, അരുൺ, അഭിലാഷ് എന്നിവർ പങ്കെടുത്തു. നെയ്യാറ്റിൻകര തഹസീൽദാർ അജയകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി.