
കൊല്ലം: കരിമീൻ കുളത്തിൽ നഞ്ച് കലക്കി മീൻ പിടിച്ച ശേഷം വള്ളവുമായി കടന്നത് ചോദ്യം ചെയ്ത മത്സ്യ കർഷകനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളവിൽ പോയ യുവാവിനെ ഒരു വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓറ്റപ്ലാംമൂട് വിജയ ഭവനത്തിൽ ജിവിനെയാണ് (19) കണ്ണൂരിലെ നാരത്ത് നിന്ന് പിടികൂടിയത്.ഒറ്റപ്ലാംമൂട് സ്വദേശിയായ മദ്ധ്യവയസ്‌കൻ കുഞ്ഞുമോനെയാണ് ജിവിൻ ഉൾപ്പെടുന്ന നാലംഗ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 18ന് ഒറ്റപ്ലാമൂട് കടവിൽ കാറ്റാടി കഴ കൊണ്ട് കുഞ്ഞുമോനെ അടിച്ചുവീഴ്ത്തിയ ശേഷം കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. മുതുകത്ത് മാരകമായി മുറിവേറ്റ കുഞ്ഞുമോൻ ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്. കാപ്പാ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന വിജയൻ, ജിവിൻ എന്നിവർ ഉൾപ്പെടെ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തിലെ മൂന്നുപേരെ നേരത്തെ പിടികൂടിയെങ്കിലും ജിവിൻ ഒളിവിൽ പോവുകയായിരുന്നു. കണ്ണൂരിലെ നാരത്ത് വീട് വാടകയ്ക്കെടുത്ത ജിവിൻ വളപട്ടണം പുഴയിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ണനല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജിവിൻ അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.