
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറെ നിയമിച്ചത് അക്കാഡമിക് മികവും ഭരണ മികവും നോക്കിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ പേര് നൽകാൻ തീരുമാനിച്ചത് യാദൃശ്ചികമായല്ല. എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ നിലകൊണ്ടതാണ് ശ്രീനാരായണഗുരു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് എല്ലാവർക്കും വിദ്യാഭ്യാസം നൽകണമെന്ന ചിന്തയോടെ ഗുരു പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ തന്നെ ഗുരുവിനെ ആദരിക്കാനാണ് സർവകലാശാലയ്ക്ക് ഗുരുവിന്റെ പേരിട്ടത്. ഗുരു ദർശനത്തിന് ഏറെ പ്രസക്തിയുള്ള കാലമാണിത്. മറ്റ് സർകലാശാലകളുടെ പ്രവർത്തനം പോലെതന്നെയാകും ശ്രീനാരായണഗുരു സർവകലാശാലയുടേതും.
ആശ്ചര്യപരമായ ആരോപണമാണ് ഉണ്ടായത്. സംസ്ഥാനത്തെ സർവകലാശാലകളുടെ വി.സിമാർ ആരൊക്കെയാണെന്ന് നോക്കാം. കേരളയിൽ ഡോ.മഹാദേവൻ പിള്ള, എം.ജിയിൽ ഡോ.സാബുതോമസ്, കുസാറ്റിൽ ഡോ.കെ.എൻ. മധുസൂദനൻ, കാലിക്കറ്റിൽ എം.ജെ.ജയരാജ്, കണ്ണൂരിൽ പ്രൊഫ.ഗോപിനാഥ്, മലയാളം - ഡോ. അനിൽകുമാർ, ആരോഗ്യം - ഡോ. മോഹനൻ, ടെക്നിക്കൽ- എം.എസ്. രാജശ്രീ, കലാമണ്ഡലം- ടി.കെ.നാരായണൻ, സംസ്കൃതം- ഡോ. ധർമ്മരാജൻ, കാർഷികം- ഡോ. ചന്ദ്രബാബു, വെറ്ററിനറി- എം.ആർ. ശശീന്ദ്രനാഥ്, ഡിജിറ്റൽ- സജി ഗോപിനാഥ്, നിയമം- ഡോ. കെ.സി. സണ്ണി, ഫിഷീസ്- ടിങ്കു ബിസ്വാൾ. ഇവരെയെല്ലാം നിയമിച്ചത് അക്കാഡമിക് മികവും ഭരണ മികവും കണക്കിലെടുത്താണ്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലും ഇതേ മാനദണ്ഡം പാലിച്ചു.
അക്കാഡമിക് മികവുള്ളവരെയും വിദഗ്ദ്ധരെയുമാണ് നിയമിച്ചത്. എന്നാൽ എവിടെയോ തെറ്റിദ്ധാരണയുണ്ടായി. ഗുരുവിന്റെപേരിട്ടപ്പോൾ എല്ലാവരും അംഗീകരിച്ചതാണ്. ആ നല്ലതിനൊപ്പം വേണം വെള്ളാപ്പള്ളിയെപ്പോലുള്ളവർ നിൽക്കേണ്ടത്. അതിനെ വിലകുറച്ച് കാണിക്കാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.