
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഓരോ വീട്ടിലും കുട്ടികളെ ബ്രേക്ക് ദ ചെയ്ൻ അംബാസഡർമാരാക്കുന്ന പദ്ധതിയ്ക്കു രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കും. വിക്ടേർസ് ചാനൽ വഴി കുട്ടികൾക്ക് അതിനുള്ള ക്ലാസുകൾ നൽകും. അദ്ധ്യാപകരുടെ ക്രിയാത്മകമായ പങ്കാളിത്തവും വേണം.
കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും ബ്രേക്ക് ദ ചെയ്ൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം സൃഷ്ടിക്കണം. അതിനായി അൽപ സമയം മാറ്റി വയ്ക്കാൻ അദ്ധ്യാപകർ തയ്യാറാകണം. മികച്ച രീതിയിൽ നൂതനമായ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ജില്ലകൾക്ക് സർക്കാർ അംഗീകാരം നൽകും. ആരോഗ്യ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ ഏറ്റവും കൃത്യമായി നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് ബ്രേയ്ക് ദ ചെയിൻ എക്‌സലൻസ് അവാർഡ് നൽകും.