
കിളിമാനൂർ: ഒരു കാലത്ത് ഉദ്യോഗാർത്ഥികളുടെ ആശ്രയമായിരുന്ന എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ ഇന്ന് അതിജീവന പാതയിൽ. അടുത്ത കാലത്ത് വരെ മിക്ക സർക്കാർ വകുപ്പുകളിലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയായിരുന്നു താത്കാലിക നിയമനങ്ങൾ. എന്നാൽ കാലം മാറിയതോടെ കൺസൾട്ടൻസികൾ എന്ന ഓമനപ്പേരിൽ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കുടുംബശ്രീ, അസാപ്, കെക്സ്കോൺ തുടങ്ങി നിരവധി റിക്രൂട്ടിംഗ് ഏജൻസികൾ സംസ്ഥാനത്തു നിലവിൽ വന്നതോടെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളോട് ഉദ്യോഗാർത്ഥികൾ മുഖം തിരിക്കുകയായിരുന്നു.
പി.എസ്.സി യുടെ കാര്യക്ഷമത അല്പം മെച്ചപ്പെട്ടതും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളുടെ ജോലി ഭാരം കുറച്ചിട്ടുണ്ട്. എങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ചു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്.
അക്കാഡമി ഫോർ സ്‌കിൽ എക്സലൻസ് സ്വകാര്യ മേഖലയിൽ തൊഴിലവസരം കണ്ടെത്തുന്നതിന് വേണ്ടിയുള്ള കേരള അക്കാഡമി ഫോർ എക്സെലൻസ് പദ്ധതിയും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ നടന്നു വരുന്നുണ്ട്. 1000 രൂപ സർക്കാരിലേക്ക് അടക്കുന്ന ഏതൊരു സ്വകാര്യ സ്ഥാപനത്തിലേക്കും ഉദ്യോഗാർഥികളെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി കണ്ടെത്താൻ കഴിയും. പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ഫീസായി 250 രൂപയും അടയ്ക്കണം.രണ്ടു ഫീസുകളും ആജീവനാന്തമാണ് എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
രജിസ്റ്റർ ചെയ്‌തത്
ജില്ലയിൽ മാത്രം.............................................2 ലക്ഷത്തിലധികം പേർ
സംസ്ഥാനത്ത്...................................... 43 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ
പക്ഷേ യഥാസമയം രജിസ്ട്രേഷൻ പുതുക്കുന്നതിൽ തൊഴിൽ അന്വേഷകർ
താത്പര്യം കാട്ടുന്നില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും പദ്ധതികളും
അതേ സമയം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെ നിലനിറുത്തുന്നതിന് സർക്കാർ വിവിധ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. കെസ്‌റു സ്വയം തൊഴിൽ പദ്ധതി, വൊക്കേഷണൽ ആൻഡ് കരിയർ ഗൈഡൻസ്, കപ്പാസിറ്റി ബിൽഡിംഗ്, മത്സര പരീക്ഷകൾക്കുള്ള പരിശീലന പരിപാടി, വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും ഭർത്താവിനെ കാണാതായവർക്കും, വിവാഹ മോചനം നേടിയവർക്കും വേണ്ടി നടപ്പിലാക്കിയ ശരണ്യ, ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള കൈവല്യ സ്വയം തൊഴിൽ പദ്ധതി തുടങ്ങി നിരവധി സംരംഭങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചെഞ്ച് മുഖേന സജീവമായി നടക്കുന്നുണ്ട്.
തൊഴിലില്ലായ്‌മ വേതനം
പറ്റുന്നവർ കുറഞ്ഞു
തൊഴിലില്ലായ്‌മ വേതനം പറ്റുന്നവരുടെ എണ്ണവും കുറഞ്ഞു വരികയാണ്. കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ തൊഴിൽ ദാന പദ്ധതി, ആരോഗ്യ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ വർക്കർമാരുടെ നിയമനം, സ്വയം തൊഴിൽ കണ്ടെത്തുന്നവരുടെ എണ്ണക്കൂടുതൽ തുടങ്ങിയവയാണ് തൊഴിലില്ലായ്മ വേതനം പറ്റുന്നവരുടെ എണ്ണം കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.