
തിരുവനന്തപുരം: കടൽക്ഷോഭം മൂലം പ്രശ്നങ്ങൾ നേരിടുന്ന വീടുകൾ സംരക്ഷിക്കുന്നതിനായുള്ള താത്കാലിക സംരക്ഷണ ഭിത്തി നിർമ്മാണത്തിന് നഗരസഭയും ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡ്ര്രക്സ് ലിമിറ്റഡും കൈകോർക്കുന്നു. ട്രാവൻകൂർ ടൈറ്റാനിയത്തിൽ ടൈറ്റാനിയം ഉത്പ്പാദിപ്പിച്ച ശേഷം അവശിഷ്ടമായി വരുന്ന റെഡ് ജിപ്സം ഉപയോഗിച്ചാണ് സംരക്ഷണ ഭിത്തികൾ ഒരുക്കുന്നത്. റെഡ് ജിപ്സം,മണൽ,സിമെന്റ് എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്ത് നിർമിച്ച ബ്ലോക്ക് ചാക്കുകളിൽ നിറച്ച് കയർ ഫെഡിന്റെ ജിയോ ബാഗിലാക്കി വീടുകൾക്ക് ചുറ്റും സ്ഥാപിക്കാനാണ് പദ്ധതി. ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത ബ്ലോക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ വെട്ടുകാട് പള്ളിക്ക് സമീപം കടൽ തീരത്ത് നിക്ഷേപിക്കും. സംരക്ഷണഭിത്തി ഒരുക്കുന്നതിന് മുന്നോടിയായി വെട്ടുകാട് ക്രൈസ്റ്റ് കിംഗ്ങ് ഹാളിൽ മേയറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ട്രാവൻകൂർ ടൈറ്റാനിയം ചെയർമാൻ അഡ്വ.എ. എ. റഷീദ് പങ്കെടുത്തു.