
ആദരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചേയ്യേണ്ടുന്ന എന്തിനെയും സ്ത്രീസങ്കല്പത്തിൽ വാഴ്ത്തുന്ന രാജ്യത്ത് മനുഷ്യകുലത്തിൽ പിറന്ന പെണ്ണിനു മാത്രം നിരന്തരം ഇരയുടെ വേഷം ധരിക്കേണ്ടിവരുന്നതെന്ത്? അവഗണനയുടെയും അകറ്റിനിർത്തലിന്റെയും അനുഭവകഥകളിൽ ഒച്ചയില്ലാത്ത കണ്ണീർച്ചാലായി ഒഴുകിയിരുന്ന പെണ്ണല്ല പുതിയ കാലത്തിന്റേത്. അസാധാരണജയങ്ങളും ആൺകോയ്മയെ നാണിപ്പിക്കുന്ന നേട്ടങ്ങളുംകൊണ്ട് യശസ്സുയർത്തുന്ന സ്ത്രീചരിതങ്ങൾക്കിടയിലും ആവർത്തിക്കപ്പെടുന്ന 'ഹാഥ്രസു'കൾ നമ്മെ നാണംകെടുത്തുന്നതെന്ത്? പുതിയ പെണ്ണ് കീഴടങ്ങാത്ത കരുത്താണ്. ആ കരുത്തിനു മുന്നിൽ, പിറന്നുവീഴുന്ന ഓരോ പെൺകുഞ്ഞിനും മുന്നിൽ
അന്തർദേശീയ ബാലികാ ദിനത്തിൽ ആദരപൂർവം...
സുരക്ഷഉറപ്പാക്കുന്നതിൽ സമൂഹം പരാജയപ്പെട്ടു
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സംവിധാനങ്ങൾ അലംഭാവം കാട്ടുന്നത് ആശങ്ക ജനിപ്പിക്കുന്നു. സ്ത്രീകൾക്കെതിരായ ഓരോ സംഭവങ്ങൾ അറിയുമ്പോൾ വിഷമം തോന്നാറുണ്ട്. രാത്രികളിലെന്നല്ല പകലുപോലും സ്വതന്ത്രമായി സഞ്ചരിക്കാൻ പെൺകുട്ടികൾ മടിക്കുന്നത് അവരുടെ ശാരീരികമായ പരിമിതികൾകൊണ്ടല്ല, അതിനുവേണ്ട സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സമൂഹവും അധികാരികളും പരാജയപ്പെടുന്നത് കൊണ്ടാണ്.സൈബർ ലോകത്തും സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ വർദ്ധിക്കുകയാണ്. യു ട്യൂബിലൂടെയോ ഫേസ്ബുക്കിലൂടെയോ സ്ത്രീകളെ അധിക്ഷേപിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് പൊതുബോധ്യം ഉണ്ടെങ്കിൽ മാത്രമേ അതിന് അവസാനമുണ്ടാവുകയുള്ളൂ.
സയന പി.ഒ, അത്ലറ്റിക്സ് താരം
ഞങ്ങൾ പെൺകുട്ടികൾ ആശങ്കയിലാണ്
സ്ത്രീയെന്ന നിലയിൽ ആശങ്കയുണ്ട്. ഗാർഹിക അന്തരീക്ഷം പോലും പലപ്പോഴും പെൺകുട്ടികൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. സമൂഹത്തിന്റെ വ്യവസ്ഥയ്ക്ക് അനുസരിച്ച് ജീവിക്കാൻ പെൺകുട്ടികൾ നിർബന്ധിതരാകുകയാണ്. പഠനത്തെ പോലും ആശങ്കയിലാക്കുന്നു. കുട്ടികളുണ്ടാകുന്നതും ഭർത്താവിനെ ശ്രുശൂഷിക്കുന്നതുമാണ് പ്രധാനമെന്നാണ് കരുതുന്ന സമൂഹമാണ് ഇത്.
സാമൂഹിക മാറ്റങ്ങൾക്കൊപ്പം നടക്കാൻ പെൺകുട്ടികൾക്ക് സാധിക്കുന്നില്ല. ഈ വ്യവസ്ഥയെ എളുപ്പം മാറ്രാൻ സാധിക്കില്ല. എന്നാൽ ഭാവിയിൽ എല്ലാമേഖലകളിലും നിർണായക സ്വാധീനം ചെലുത്താവുന്ന സ്ത്രീകൾ ഉണ്ടാകും. ഇതിന് സമൂഹത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല സാഹചര്യം ഉണ്ടാകണം.
അതുല്യ പി.എസ്, (എം.എ. മലയാളം, കാലിക്കറ്റ് യൂണിവേഴ്സിറ്റി)
സ്ത്രീകളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കണം
അത് ചെയ്യരുത്,ഇത് ചെയ്യരുത് എന്നൊക്കെ പറഞ്ഞ് സമൂഹം പെൺകുട്ടികളിൽ പലതും അടിച്ചേല്പിക്കുകയാണ്. ഇത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല. മാറ്റം വീടുകളിൽ നിന്ന് ആരംഭിക്കണം. ആൺകുട്ടി ,പെൺകുട്ടി എന്ന വേർതിരിവ് അവസാനിപ്പിക്കണം.പെൺകുട്ടികളോട് സൂക്ഷിക്കണമെന്ന് പറയുന്നതിന് പകരം ആൺകുട്ടികളെ സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കണം.
നമ്മുടെ നിയമങ്ങൾ പലപ്പോഴും നോക്കുകുത്തിയാവുകയാണ്. കൊല്ലപ്പെട്ട സൗമ്യ, ഉന്നാവയിലെ പെൺകുട്ടി,പെരുമ്പാവൂരിലെ ജിഷ, വാളയാർ പെൺകുട്ടികൾ, യു.പി യിലെ ഹത് റാസ് എന്നീ കേസുകൾ എല്ലാം അതിനുദാഹരണമാണ് . നിയമങ്ങൾ വേട്ടക്കാർക്കൊപ്പമാണ് . നിയമങ്ങൾ കർശനമാക്കിയേ മതിയാകൂ
വി.എം. നിമ, (പ്ലസ് ടു വിദ്യാർത്ഥിനി, ഗവ. സെക്കൻഡറി സ്കൂൾ, മൂത്തേടത്ത്, തളിപ്പറമ്പ )
തുല്യതയല്ല, വേണ്ടത് പരസ്പര ബഹുമാനം
പ്ളസ് ടു കഴിഞ്ഞപ്പോഴാണ് ഞാൻ കായികരംഗത്തേക്ക് ഇറങ്ങുന്നത്. മാതാപിതാക്കൾക്കും സഹോദരിക്കും കായിക പാരമ്പര്യം ഉള്ളതിനാൽ നല്ല പ്രോത്സാഹനമാണ് വീട്ടുകാരിൽ നിന്നും സുഹൃത്തുകളിൽ നിന്നും ലഭിച്ചത്. ഒരു പെൺകുട്ടിയായതിനാൽ വേർതിരിവ് കാട്ടിയ അനുഭവമില്ല. നമ്മുടെ നാട്ടിൽ കായിക രംഗത്തേക്ക് പെൺകുട്ടികൾക്ക് കടന്നുവരാൻ പ്രയാസങ്ങൾ ഉണ്ടെന്ന് പറയാനാവില്ല.
ശാരീരികമായ വ്യത്യാസങ്ങൾ അംഗീകരിച്ചേ മതിയാകൂ. തുല്യതയെക്കാൾ ഉപരി ബഹുമാനമാണ് നൽകേണ്ടത്. ആണെന്നോ പെണ്ണെന്നോ ട്രാൻസ്ജെൻഡറെന്നോ വ്യത്യാസമില്ലാതെ ഓരോ വ്യക്തിയെയും അംഗീകരിക്കാനും ബഹുമാനിക്കാനും നമ്മുടെ സമൂഹത്തിന് കഴിയണം.
വി.കെ. വിസ്മയ, അന്താരാഷ്ട്ര അത്ലറ്റ്, ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റ്
പെൺകുട്ടികൾ ഒരു ഭോഗ വസ്തുവാണെന്ന് ചിന്ത മാറണം
ലൈംഗിക ചുവയോടുള്ള പെരുമാറ്റങ്ങളും സംസാരങ്ങളും തന്നെയാണ് പെൺകുട്ടികൾ സമൂഹത്തിൽ നേരിടുന്ന പ്രധാന പ്രശന്ങ്ങൾ.പെൺകുട്ടികളോടുള്ള ലൈംഗികപരമായ ചിന്തകളാണ് ഒരു സമൂഹം ആദ്യം മാറ്റേണ്ടത്.പെൺകുട്ടികൾ ഒരു ഭോഗ വസ്തുവാണെന്ന് ചിന്ത മാറ്റുക.സ്ത്രീകൾ വീടുകളിൽ ഒതുങ്ങാനുള്ളവരാണെന്നും പുരുഷന്റെ അധീനതയിൽ കഴിയേണ്ടവരാണെന്ന് സദാചാര സമൂഹത്തിന്റെ തെറ്റായ ചിന്തകളും പ്രവർത്തികളും മാറ്റേണ്ടത് അനിവാര്യമാണ്.ഇത്തരത്തിലുള്ള ചിന്ത മാറ്റിയാലെ സ്തീകൾ കുറച്ചെങ്കിലും സംരക്ഷിക്കപെടുകയുള്ളൂ
വധശിക്ഷ വരെ ചില കേസുകളിൽ വിധിക്കപ്പെട്ടിട്ടും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കുറയുന്നില്ല.നിർഭയ കേസിൽ വിധി നടപ്പാക്കിയത് 7 വർഷങ്ങൾക്കിപ്പുറമാണ്.എന്തിനാണ് ഇത്രയും കാലതാമസം.ശരിയായ നിയമം പ്രബല്യത്തിലാക്കി പ്രതികൾക്ക് അവർ അർഹിക്കുന്ന ശിക്ഷ ഉടനടി നടപ്പാക്കേണ്ടതാണ്.
അപർണ ആർ.ബി.
ജേർണലിസം വിദ്യാർത്ഥിനി,
തിരുവനന്തപുരം
കൂടുതൽ പേരും പ്രതികൾക്കൊപ്പം
ഇന്നത്തെ സമൂഹത്തിൽ ശാരീരികപരമായ വെല്ലുവിളികളോടൊപ്പം കടുത്ത അടിച്ചമർത്തലുകൾക്കും പെൺകുട്ടികൾ വിധേയരാകുന്നുണ്ട്.സ്വാതന്ത്ര്യമില്ലായ് മ,ലൈംഗികപരമായ പെരുമാറ്റം ഇതൊക്കെ പെൺകുട്ടികളെ മാനസികമായും തളർത്തുന്നു.ആൾക്കാരുടെ ചിന്താഗതി മാറിയാൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകൂ.സ്ത്രീ സുരക്ഷയോടൊപ്പം എന്തിനും ഏതിനും സത്രീകളെ ഇരയാക്കുന്ന രീതിയും മാറണം.
പെൺകുട്ടികളുടെ സുരക്ഷയ്ക്കായി നിയമമുണ്ട്. എന്നാൽ അതിനെ മറികടന്ന് മിക്ക കുറ്റവാളികളും നിഷ്പ്രയാസം രക്ഷപ്പെടുന്നു.
ശിക്ഷ നടപടികൾക്ക് എടുക്കുന്ന കാലതാമസം പ്രതികളെ രക്ഷപ്പെടാൻ ഒരു പരിധി വരെ സാഹിക്കുന്നുണ്ട്.ഇരകൾക്കൊപ്പം നിൽക്കുന്നതിനേക്കാൾ പ്രതികളെ രക്ഷിക്കാനുള്ള സന്നാഹങ്ങളാണ് നമ്മുടെ സമൂഹത്തിൽ കൂടുതൽ.
ശ്രുതി .എ, ജേർണലിസം ബിരുദ വിദ്യാർത്ഥിനി അടൂർ
വേണം സ്വസ്ഥതയും സ്വാതന്ത്ര്യവും
വാഹനങ്ങളിൽ നടക്കുന്ന പീഡനങ്ങളും സഞ്ചാര സ്വാതന്ത്ര്യമില്ലായ്മയും മാത്രമല്ല പ്രണയാഭ്യർത്ഥന നിരസിക്കുന്നവരെ ആസിഡ് ആക്രമണത്തിന് വിധേയമാക്കുന്നതും കൊലപ്പെടുത്തുന്നതുമെല്ലാം സ്ഥിരമാകുകയാണ്.
സ്വസ്ഥതയും സ്വാതന്ത്ര്യവുമുള്ള ഒരു അന്തരീക്ഷമാണ് ഓരോ പെൺകുട്ടിയും ആഗ്രഹിക്കുന്നത്.എന്നാൽ നിയമം പോലും അനുകൂലമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥർ തന്നെ നിയമ ലംഘകരാകുമ്പോൾ പെൺകുട്ടികൾക്ക് എങ്ങനെ നിയമത്തിൽ വിശ്വാസം ഉണ്ടാകും.
കാവ്യശ്രീ. എം.എസ്, ബി.എസ് .സി ഒന്നാം വർഷ വിദ്യാർത്ഥി, ഗവ.കോളേജ് നെടുമങ്ങാട്
പരാതിപ്പെടാൻ പോലും ഭയക്കുന്നു
പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. ബസ് യാത്രയിൽ, പൊതുസ്ഥലങ്ങളിൽ, അൾക്കൂട്ടങ്ങൾക്കിടയിൽ, എങ്ങും സുരക്ഷയില്ലാത്ത സ്ഥിതിയാണ്. ഞങ്ങളേക്കാൾ വലിയ ആധിയാണ് അമ്മമാർക്ക്. പെൺകുട്ടികളുള്ള എല്ലാ അമ്മമാരുടെയും അവസ്ഥ ഇതാണ്. ഹാഥ്രസ് പോലെ പൊലീസിൽ നിന്നും നീതി കിട്ടാത്ത സംഭവങ്ങൾ നമ്മുടെ നാട്ടിലുമുണ്ട്. അതിനാൽ പലരും പരാതിപ്പെടാൻ പോലും ഭയക്കുന്നു. ഈ ഭയമാണ് പെൺകുട്ടികൾക്ക് നേരെയുള്ള അക്രമങ്ങൾ നിത്യസംഭവമാകാൻ കാരണം.
അക്ഷര ഉദയൻ, പ്ലസ് ടു വിദ്യാർത്ഥിനി, ചെമ്പകശേരി എച്ച്.എസ്.എസ്
നിയമം കാഴ്ചക്കാരനെ പോലെ
സ് ത്രീകൾക്ക് ദേവി പദവി നൽകിപ്പോരുന്നൊരു രാജ്യമാണ് നമ്മുടേത് .പക്ഷേ അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഈ ആശയത്തിന് തികച്ചും വിപരീതമാണ് .സുരക്ഷിതമില്ലായ്മയാണ് ഇന്നത്തെ സമൂഹത്തിൽ സത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളി.വീടുകളിൽ കഴിയുന്ന പെൺകുട്ടികൾ പോലും ഇന്ന് സുരക്ഷിതരല്ലെന്നാണ് സത്യം.സ്ത്രീകൾക്ക് നേരെയുള്ള ആക്രമങ്ങൾക്ക് ഒറ്റ ലക്ഷ്യമേയുള്ളു.അത് ലൈംഗികതയാണ്.പീഡനങ്ങളിൽ പലതും പുറത്ത് വരുന്നില്ലെന്നതാണ് സത്യം.ഇതിനെതിരെ നിയമങ്ങളുണ്ടെങ്കിലും പല ഘടങ്ങളിലും അത് കാഴ്ചക്കാരെ പോലെ നിൽക്കുന്ന അവസ്ഥയാണ്.
ആദിത്യ എ.എസ്, പ്ളസ് ടു വിദ്യാർത്ഥിനി ഗവ.ഹയർസെക്കണ്ടറി സ്കൂൾ കല്ലറ
അറബ് രാജ്യങ്ങളിൽ നൽകുന്നത് പോലെ കടുത്ത ശിക്ഷ വേണം
പരിഹാസം,തുറിച്ചുനോട്ടം,ബസുകളിൽ യാത്ര ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് , മുനവച്ച സംസാരം തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് പെൺകുട്ടികൾ നേരിടുന്നത് . സമൂഹത്തിന്റെ മൊത്തത്തിലുള്ള മാനസികാവബോധത്തിന്റെ പ്രശ്നമാണിത്. ഇത് മാറുക മാത്രമേ പ്രതിവിധിയുള്ളൂ. നിയമം പലപ്പോഴും നിയമ പുസ്തകങ്ങളിൽ മാത്രം ഒളിച്ചിരിക്കുന്ന അവസ്ഥയാണ്. സ്ത്രീകളെ പീഡിപ്പിക്കുന്നവരെ അറബ് രാജ്യങ്ങളിൽ ചെയ്യുന്നതുപോലുള്ള കടുത്ത ശിക്ഷ നൽകിയാൽ കുറ്റവാസനയുള്ളവർക്ക് അതൊരു പാഠമായി മാറും .
ജയലക്ഷ്മി .എൽ, പ്ലസ്ടു വിദ്യാർത്ഥി, എസ് .എൻ.ജി.എച്ച്.എസ് - ചെമ്പഴന്തി
പെൺകുട്ടികൾ സുരക്ഷിതരല്ല
ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾ സുരക്ഷിതരല്ല .ഓരോ അച്ഛനമ്മമാരുടെയും പ്രതീക്ഷയാണ് ഇന്നത്തെ സമൂഹം തച്ചുടക്കുന്നത്.മനുഷ്യത്വമില്ലാത്ത കുറെ മനുഷ്യരുടെ ഇടയിലാണ് ആണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഈ പ്രതിസന്ധിയെ തരണം ചെയ്യണമെങ്കിൽ ഓരോ വ്യക്തിയും സ്വയം തീരുമാനിക്കണം . ഓരോ വ്യക്തിയും കൂടിച്ചേരുന്നതാണ് സമൂഹം. സമൂഹത്തിന്റെ മാറ്റം എന്നത് വ്യക്തിയുടെ മാറ്റമാണ്. ആ മാറ്റം വരേണ്ടത് ആദ്യം നമ്മുടെ മനസിലാണ് .എന്റെ അഭിപ്രായത്തിൽ നിയമങ്ങൾ നടപ്പിലാക്കുന്നുണ്ട്, എന്നാൽ വൈകിയാണ്. ശിക്ഷ ഉടനടി നൽകുകയാണെങ്കിൽ പെൺകുട്ടിയുടെ സുരക്ഷിതത്വം നമുക്ക് ഉറപ്പാക്കാം.
മിന്നു പൗലോസ്,, പ്ളസ് ടു വിദ്യാർത്ഥിനി, മണർകാട് സെന്റ് മേരീസ്
ഹയർസെക്കൻഡറി സ്കൂൾ
മോഡേൺ വസ്ത്രം ധരിച്ചാൽ മോശക്കാരിയാകും
ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും സൗഹൃദമായി പെരുമാറുന്നയാളാണ് ഞാൻ. പക്ഷേ,അതേ രീതിയിൽ പലരും കാണുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുറമേ പുരോഗമനം പറയുന്ന പുതുതലമുറയിലെ ഭൂരിഭാഗം യുവാക്കളും മനസിൽ സദാചാര പൊലീസിന് സല്യൂട്ടടിക്കുന്നവരാണ്. ഏതെങ്കിലും ആണിനോട് അടുത്തിടപഴകിയാൽ അവൾ പോക്കാണെന്നും മറ്റും മറ്റുള്ളവരോട് പറഞ്ഞ് നമ്മളെ മോശക്കാരാക്കുന്ന ഒരുപാട് അനുഭവങ്ങളുണ്ട്. പഴയ തലമുറയിൽപ്പെട്ടവരെ നമ്മൾ കുറ്റംപറയുമ്പോഴാണ് പുതുതലമുറയിലുള്ളവർക്കും ഒരുമാറ്റവുമുണ്ടായിട്ടില്ലെന്ന് മനസിലാകുന്നത്. മോഡേൺ വസ്ത്രം ധരിച്ചാൽ മോശക്കാരിയാക്കും. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇവിടുത്തെ സദാചാര ചേട്ടന്മാർ നൽകുന്നില്ല.
പെണ്ണല്ലേയെന്ന് പറഞ്ഞ് മാറ്റിനിറുത്തുന്ന മനോഭാവം മാറണം. പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തുന്നവരാണ് ഏറെയും. ആണിനും പെണ്ണിനും സമൂഹം തുല്യപ്രാധാന്യം നൽകണം.
അർച്ചന ജോസഫ് ,, ബി.സി.എം കോളേജ് കോട്ടയം
നിയമം നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടാകുന്നു
കേരളത്തിലടക്കം രണ്ടു വയസുള്ള പിഞ്ചു കുഞ്ഞു മുതൽ എൺപതു വയസുള്ള വൃദ്ധ വരെ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്.സമൂഹത്തിലെ ആൺ-പെൺ വിവേചനം അടിസ്ഥാനപരമായി ഓരോ കുടുംബങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. കൗമാര പ്രായത്തിൽ ആൺകുട്ടികൾ വഴിവിട്ടു സഞ്ചരിച്ചാൽ അത് പ്രായത്തിന്റെ പക്വതക്കുറവാണെന്ന് നിസാരവത്കരിക്കുകയും നേരെ മറിച്ച് പെൺകുട്ടികളുടെ കാര്യത്തിൽ അത് അച്ചടക്കത്തിന്റെ കുറവാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നത് സമൂഹത്തിന്റെ സ്ഥിരം ക്ളീഷേകളിൽ ഒന്നുമാത്രമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള മാറ്റങ്ങൾ ജൈവികം മാത്രം ആണെന്നു മനസിലാക്കാൻ സാക്ഷര സമൂഹത്തിനു സാധിക്കേണ്ടതുണ്ട്. നിയമങ്ങൾ പര്യാപ്തമാണെങ്കിലും അത് പ്രവർത്തികമാക്കുന്നതിൽ ഒട്ടേറെ വീഴ്ചകൾ സംഭവിക്കുന്നുണ്ട്. ആ വീഴ്ചകൾ പെൺകുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തുടരാനുള്ള ഇന്ധനമായി മാറുകയും ചെയ്യുന്നു.
ടി. ഒലിന,,എസ്.എൻ കോളേജ്, കണ്ണൂർ
കുറ്റപ്പെടുത്താനാണ് സമൂഹം മുന്നിട്ടിറങ്ങുന്നത്
ജിഷയെയും സൗമ്യയെയുമൊക്കെ ക്രൂരമായി കൊലപ്പെടുത്തിയവരൊക്കെ സുഖമായി ജയിലിൽ കഴിയുകയാണ്. ഇതൊക്കെ സമൂഹത്തിന് നൽകുന്ന സന്ദേശമെന്താണ്? ഏത് പെൺകുട്ടിയെയും എന്ത് ചെയ്താലും ജയിലിൽ സുഖമായി ആഹാരം കഴിച്ച് കിടക്കാം. അല്ലെങ്കിൽ നിയമത്തിന് ഒന്നും ചെയ്യാനാവില്ല. രാത്രിയിൽ പുറത്തിറങ്ങിയാൽ, പീഡനത്തിന് ഇരയായാൽ പെൺകുട്ടിയെ കുറ്റപ്പെടുത്താനാണ് സമൂഹം മുന്നിട്ടിറങ്ങുന്നത്. അവളുടെ ശരിയെപ്പറ്റിയോ അവകാശത്തെപ്പറ്റിയോ ആരും സംസാരിക്കില്ല. ഈ അരക്ഷിതാവസ്ഥയ്ക്കാണ് മാറ്റമുണ്ടാവേണ്ടത്. പുരുഷനൊപ്പം തന്നെ സ്ത്രീക്കും തുല്യതയുണ്ടെന്ന് പറഞ്ഞു പഠിപ്പിക്കണം. ജെൻഡർ ഇക്വാളിറ്റിയെക്കുറിച്ച് സ്കൂൾ മുതൽ ബോധവത്കരണമുണ്ടാവണം.
ഐശ്വര്യ.എസ്,, വിദ്യാർത്ഥിനി, ഓറിയൻറൽ സകൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറ്, കോട്ടയം