
വി. മുരളീധർജി ആൾ നേരേ വാ, നേരേ പോ പ്രകൃതക്കാരനാണ്. നമ്പ്യാർഭാഷ കടമെടുത്താൽ കള്ളമകന്ന കവിത്വ വിശേഷം. അത് 'തള്ളിത്തള്ളി വരുന്ന ദശായാം, ഉള്ളിൽക്കപടതയുള്ള ജനങ്ങടെ ഭള്ളും വിരുതും നിഷ്ഫലമാക്കാം' എന്ന് അക്ഷരാർത്ഥത്തിൽ വിശ്വസിക്കുന്ന സാത്വികമനസ്സ്.
കപടമനസ്സുകൾ ഒന്നും രണ്ടുമല്ലല്ലോ ഇക്കാലത്ത്. പിണറായി സഖാവ് തൊട്ട് കോടിയേരി സഖാവ് വരെയുള്ളവരെ മനസ്സിലാക്കാം. പക്ഷേ കൃഷ്ണദാസ്ജിയെയും രമേശ്ജിയെയും എന്തിനേറെ പറയുന്നു, ശോഭ സുരേന്ദ്രൻജിയെയും എങ്ങനെ നന്നാക്കാൻ പറ്റും. കപടതയല്ല, ഉള്ളിൽ കുടിലതയുള്ള സംഘമാണ്. സാത്വികമനസ്സുകൾക്കും ശുദ്ധമനസ്സുകൾക്കും നേരേവാ, നേരേപോ പ്രകൃതക്കാർക്കും അവരെ നന്നാക്കുക എളുപ്പമാകില്ല.
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയെന്ന് സകലമാന സിൻഡിക്കേറ്റുകളും പറഞ്ഞ് നടന്നപ്പോൾ കണ്ട സംഗതി കണ്ടത് പോലെ പറഞ്ഞത് വി. മുരളീധർജിയായിരുന്നു. നയതന്ത്ര ബാഗേജിലൂടെയായിരുന്നില്ല സ്വർണം കടത്തിയത്. നയതന്ത്ര ബാഗേജ് എന്ന വ്യാജേന കുബുദ്ധികൾ വേറേ വഴിക്ക് സ്വർണം കടത്തി. ദേശീയ ഏജൻസികളെല്ലാം പറഞ്ഞത് നയതന്ത്ര ബാഗേജിലൂടെ തട്ടിപ്പുകാർ സ്വർണം കടത്തിയെന്നായത് കൊണ്ടും ശുദ്ധമനസ്സുകൾക്ക് ഇക്കാലത്ത് നിലനില്പില്ലാത്തത് കൊണ്ടും പറഞ്ഞതിന്റെ പേരിൽ മുരളീധർജിയെ കല്ലെറിയാത്തവരായി ആരുമുണ്ടായില്ല. അതിനേക്കാൾ വിഷമകരമായ സംഗതിയേതെന്ന് വച്ചാൽ കൃഷ്ണദാസ്ജി തൊട്ട് കുമ്മനം ജി വരെയുള്ളവരുടെ അർത്ഥഗർഭമായ മൗനമായിരുന്നു. മൗനം വാചാലമാകുന്ന നിമിഷങ്ങളൊക്കെ സംഭവിക്കുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. അതവിടെ നിൽക്കട്ടെ.
ഇതിപ്പോൾ മുരളീധർജിയെ സകലമാന പേരും വടിയെടുത്തടിക്കാൻ ഓടി നടക്കുന്ന കാലമാണ്. കഴിഞ്ഞവർഷം നവംബറിൽ അബുദാബിയിൽ ഇന്ത്യൻ ഓഷ്യൻ റിം സമ്മേളനത്തിൽ നയതന്ത്ര പ്രതിനിധികളുടെ കൂട്ടത്തിൽ ഏതോ മേനോൻകുട്ടി കയറിയിരുന്നുവെന്നും പറഞ്ഞുള്ള കോലാഹലമാണ്. അന്ന് കൊറോണ വൈറസ് വുഹാനിൽ പോലും ഉദ്ഭവിച്ചിട്ടില്ല. അതിനാൽ വൈറസ് വ്യാപനത്തെ കരുതിയിരിക്കേണ്ടതില്ലായിരുന്നു. ഏത് മേനോൻകുട്ടിക്കും ഏത് നയതന്ത്ര സെറ്റപ്പിലും കയറിയിരിക്കുന്നതിന് ഒരു തടസ്സവുമില്ലാത്ത കാലം.
അതുകൊണ്ട് ചിലപ്പോൾ സ്മിത മേനോൻ നയതന്ത്ര സംഘത്തിൽ കയറിയിരുന്നിട്ടുണ്ടാകാം. വി. മുരളീധർജി ആൾ വിശാലമനസ്കൻ കൂടിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഏത് സിൻഡിക്കേറ്റുകാരൻ ചോദിച്ചാലും നയതന്ത്ര സംഘത്തിൽ കേറ്റിയിരുത്തുന്നതിന് ഒരു മടിയും അദ്ദേഹം കാണിക്കാറില്ല. ശുദ്ധഗതിക്കാരനും തുറന്ന പുസ്തകവും കൂടിയായതിനാൽ അതെല്ലാം നാലാൾ കാൺകെ തന്നെയാണ് ചെയ്തുപോരുന്നത്.
സ്മിത മേനോൻ എങ്ങനെ മഹിളാമോർച്ചയുടെ അദ്ധ്യക്ഷപദവിയിലെത്തി എന്ന് ചോദിക്കുന്നവരുണ്ട്. അത് അബുദാബി സമ്മേളനത്തിന് മുമ്പോ ശേഷമോ എന്ന് ചോദിക്കുന്നവരും കുറവല്ല. അതൊക്കെ സഹിക്കാം. പക്ഷേ സ്മിത മേനോനെ തനിക്ക് പരിചയമില്ല എന്നുള്ള കണ്ണിൽ ചോരയില്ലാത്ത വർത്തമാനം എം.ടി. രമേശ്ജി പറയരുതായിരുന്നു. അത് കവിതകൾ മർമ്മതാളത്തിൽ തന്നെ കെട്ടി ശീലിച്ചുവന്നതിന്റെ കുഴപ്പമാണെന്ന് സമാധാനിക്കാം. മർമ്മതാളത്തിൽ കെട്ടിയാലല്ലേ, പത്രഭാഷയിൽ പറഞ്ഞാൽ അതിനൊരു പഞ്ചൊക്കെ കിട്ടൂ എന്നായിരിക്കും.
സ്മിത മേനോന്റെ നിയമനത്തിൽ മുരളീധർജിക്ക് പങ്കൊന്നുമില്ലെന്ന് കെ.സുരേന്ദ്രൻജി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പാവം ബ്രാണ്ടിയെ പലരും സംശയിക്കുന്നത് പോലെ, വി. മുരളീധർജിയെ എം.ടി.രമേശ്ജിയെങ്കിലും സംശയിക്കാതിരിക്കുക എന്ന് മാത്രം ഈ അന്തരാളഘട്ടത്തിൽ ഉപദേശിക്കുന്നു.
.........................................
- ഇരട്ടച്ചങ്കുള്ളയാളും ഊരിപ്പിടിച്ച വാളുകൾക്ക് നടുവിലൂടെ നടന്നുവന്ന മനുഷ്യനുമൊക്കെ ആണെങ്കിലും പിണറായി സഖാവ് ആളൊരു പാവമാണ്. സഖാവിന്റെ തന്നെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ഒരു മഹാ സാധു. സെക്രട്ടേറിയറ്റ് നോർത്ത്ബ്ലോക്കിൽ മൂന്നാമത്തെ നിലയിലൊരു കസേര ചൂണ്ടിക്കാട്ടി അത് മുഖ്യമന്ത്രിക്കസേരയായതിനാൽ അതിലിരുന്നോളൂ എന്ന് സകലമാനപേരും പറഞ്ഞതിനാൽ ഇരുന്നുവെന്ന് മാത്രം. ഈ സാധുവിന് നേർക്ക് വേട്ടപ്പട്ടികളെ പോലെ മാദ്ധ്യമസിൻഡിക്കേറ്റുകൾ കടന്നാക്രമിക്കുന്നത് കാണുമ്പോൾ അക്ഷരാർത്ഥത്തിൽ വേദന തോന്നാതിരിക്കുന്നില്ല.
സ്വർണം കടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിൽ ശിവശങ്കരൻ മുതലാളി നിയമിച്ചത് പിണറായി സഖാവിന്റെ അറിവോടെയാണെന്ന് സിൻഡിക്കേറ്റുകൾ പ്രചരിപ്പിക്കുകയുണ്ടായി. അതെന്തൊരു കണ്ണിൽ ചോരയില്ലാത്ത ഏർപ്പാടാണ്! ഐ.ടി വകുപ്പ് പിണറായി സഖാവിന്റെ സ്വന്തം വകുപ്പൊക്കെ തന്നെയാണ്. പക്ഷേ സഖാവ് ആ വകുപ്പിൽ ഈച്ച പാറിയാൽ അറിഞ്ഞുകൊള്ളണമെന്ന് വാശി പിടിക്കുന്നത് ഒട്ടും ഉചിതമല്ല. ഈച്ച പാറണമെങ്കിൽ ശിവശങ്കരൻമുതലാളി വിചാരിക്കണം എന്നൊരു കാലമുണ്ടായിരുന്നു. ആ കാലമൊക്കെയങ്ങ് കനകം കൊണ്ടുപോയി. അത് പോട്ടെ.
പിണറായി സഖാവ് കൂടി അറിഞ്ഞ് സ്വപ്ന സുരേഷ് ഐ.ടി വകുപ്പിൽ നിയമിതയായി എന്ന് പറയാൻ മാത്രം സിൻഡിക്കേറ്റുകൾക്ക് ധൈര്യം വന്നതെങ്ങനെയാണ്! പിണറായി സഖാവിന്റെ വകുപ്പിൽ നടക്കുന്നതെല്ലാം വള്ളിപുള്ളിവിസർഗ്ഗം സഖാവ് അറിഞ്ഞുകൊണ്ട് മാത്രമാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട യുവാക്കളാണ് ഈ സിൻഡിക്കേറ്റുകളെല്ലാമെന്നാണ് തോന്നുന്നത്. അത് ഇരട്ടച്ചങ്കും ഊരിപ്പിടിച്ച വാളിനെ കൂസാത്ത പ്രകൃതവുമൊക്കെ ഉള്ളയാളായത് കൊണ്ടായിരിക്കാം. മഹാസാധുവാണ് ഈ മനുഷ്യനെന്ന് അവർ ചിന്തിക്കുന്നില്ല. ഒരുപക്ഷേ, മുഖ്യമന്ത്രിക്കസേരയുടെ നട്ടും ബോൾട്ടും ഊരിക്കൊണ്ട് ശിവശങ്കരൻ മുതലാളി കടന്നുകളഞ്ഞാൽ പോലും അതിൽ കേറിയിരുന്ന് വീഴുമെന്നല്ലാതെ സഖാവ് അത് അറിയില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഒരിക്കലും പറഞ്ഞിട്ടില്ല, സഖാവ് അറിഞ്ഞ് നടന്ന നിയമനമാണെന്ന്.
സ്വന്തം വകുപ്പിലെ നിയമനം അറിയാത്ത മുഖ്യമന്ത്രി തോൽവിയാണോയെന്ന് ചോദിക്കരുത്. തോൽവി ആ നിഘണ്ടുവിലില്ലാത്തതാണ്. അതിനാൽ ഞാനൊരു മഹാസാധു, ഇങ്ങനെയൊക്കെയങ്ങ് ജീവിച്ചുപോകുന്നുവെന്ന സഖാവിന്റെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ കരിങ്കല്ലിന്റെ ഹൃദയമുള്ള സിൻഡിക്കേറ്റുകൾ ഇനിയെങ്കിലും തയാറാവേണ്ടതുണ്ട്.
ഇ-മെയിൽ: dronar.keralakaumudi@gmail.com