
കാസർകോട് : ശവദാഹ കർമ്മം നടത്താൻ രണ്ടും കൽപ്പിച്ച് ഇറങ്ങി ജീവിതം മറന്നു പോയ രണ്ടു 'മീശക്കാർ' ഉണ്ട് മടിക്കൈ ബങ്കളത്ത്. എഴുപത് പിന്നിട്ട ബങ്കളം മാന്തോട്ടെ എം. കുഞ്ഞിക്കണ്ണനും ബങ്കളം കുട്ടപ്പുന്നയിലെ 61 കാരൻ പാലക്കാൽ ഗംഗാധരനും. ഈ പ്രദേശത്ത് ആരു മരിച്ചാലും മൃതദേഹം സംസ്‌ക്കരിക്കാൻ സജ്ജരായി ഇരുവരും ഉണ്ടാകും. ഏത് പാതിരാത്രിയിൽ ചെന്ന് വിളിച്ചാലും മടിയില്ലാതെ എത്തി ശവദാഹ 'സേവന'ത്തിൽ മുഴുകും. ആരും നിർബന്ധിച്ചല്ല ഈ കർമ്മം കുഞ്ഞിക്കണ്ണനും ഗംഗാധരനും ഏറ്റെടുക്കുന്നത്. സ്വയം സമർപ്പിത മനസോടെ ഇറങ്ങുകയാണ്. ജാതിയും മാതവും നോക്കാതെ നാല് പതിറ്റാണ്ടായി തുടരുന്ന സപര്യയാണിത്. നൂറു കണക്കിന് മൃതദേഹങ്ങൾ സംസ്‌ക്കരിച്ച അനുഭവങ്ങളാണ് ഇരുവർക്കും പങ്കുവെക്കാനുള്ളത്. ഒറ്റ ദിവസം നാലും അഞ്ചും ശവദാഹം നടത്തേണ്ടിവന്നിട്ടുണ്ട്. ബങ്കളം കക്കാട്ട് പ്രദേശങ്ങളിൽ കിണർ കുഴിക്കുന്ന തൊഴിൽ എടുത്തുവന്നവരാണ് രണ്ടുപേരും. അന്ന് കൂലി 30 രൂപയായിരുന്നു. മരണവീടുകളിൽ സഹായികളായി പോകാറുണ്ടായിരുന്നു. 1981 ജൂണിൽ മരണമടഞ്ഞ ബങ്കളത്തെ പി. കൊട്ടൻ കുഞ്ഞിയുടെ മൃതദേഹം ദഹിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് സ്വന്തം കാര്യം മാറ്റിവെച്ചു ഇത്തരം കർമ്മങ്ങളിൽ മുഴുകി മാതൃകയായി. കൈക്കോട്ടും മഴുവും തന്നെയാണ് പണിയായുധം. മരങ്ങൾ വെട്ടിയെടുത്തു പച്ചവിറക് കീറി വെച്ച് ചിരട്ട പാകും. തടപ്പയും കറ്റോലയും കൊണ്ട് വീശി കത്തിക്കും. ഇതിൽ പ്രത്യേക വൈദഗ്ധ്യം തന്നെ ഇരുവർക്കുമുണ്ട്. ചിലരുടെ മൃതദേഹം ഒന്നര മണിക്കൂർ കൊണ്ട് കത്തിത്തീരും. മൂന്ന് മണിക്കൂർ എടുക്കുന്നതുമുണ്ട്. മൃതദേഹം കത്തിത്തീർന്നു കുളിച്ചു വീട്ടിലേക്ക് പോകും. മരണവീടുകളിൽ അടിയന്തിരം, സഞ്ചയനം തുടങ്ങിയ ചടങ്ങുകൾക്കൊന്നും വിളിച്ചാലും പോകില്ല. പ്രതിഫലം വാങ്ങില്ല. ഒരു ചായ പോലും കുടിക്കാൻ നിൽക്കാറില്ല. പ്രായാധിക്യം കാരണം കുഞ്ഞിക്കണ്ണന് ഇപ്പോൾ കൂലിപ്പണിക്ക് പോകാൻ കഴിയുന്നില്ല. പക്ഷെ മനസ് ഇന്നും ചെറുപ്പമാണ്. ജീവിതം മറന്നുപോയ ഇരുവരും അവിവാഹിതരാണ്. രണ്ട് വീടുകളിൽ ഒറ്റക്ക് തന്നെയാണ് താമസവും. ഫയർഫോഴ്സും പൊലീസും ഇവരുടെ സേവനം തേടാറുണ്ട്. അണക്കെട്ടിൽ വീണുമരിച്ച രാമന്റെ മൃതദേഹം എടുക്കാൻ ഫയർഫോഴ്‌സ് തോറ്റിടത്ത് ഇവർ ഇറങ്ങിയാണ് സാഹസികമായി പുറത്തെടുത്തത്. 20 വർഷം മുമ്പ് നല്ല മഴക്കാലത്ത് അസുഖം വന്നു കൊട്ടുവമ്മയും കുഞ്ഞമ്പുവും മരിച്ചപ്പോൾ ശവദാഹം നടത്തേണ്ട കുഴിയിൽ മുഴുവൻ വെള്ളം നിറഞ്ഞിരിക്കുന്നു. മണിക്കൂറുകൾ എടുത്തു വെള്ളം മുഴുവൻ കോരി വറ്റിച്ചാണ് സംസ്ക്കാരം നടത്തിയത്.
പന്തയത്തിൽ തോറ്റു, മീശ വളർത്തി
1978 ലെ തിരഞ്ഞെടുപ്പിൽ ചിക്ക് മംഗളൂർ മണ്ഡലത്തിൽ ഇന്ദിരാഗാന്ധി തോൽക്കുമെന്ന് കുഞ്ഞിക്കണ്ണൻ ബങ്കളത്തെ പ്രഭാകരൻ, പരേതനായ കുഞ്ഞിരാമൻ എന്നിവരുമായി പന്തയം വെച്ചു. മീശ ആയിരുന്നു പന്തയ വസ്തു. ഇന്ദിരാഗാന്ധി ജയിച്ചു കുഞ്ഞിക്കണ്ണൻ തോറ്റു. പിന്നീട് ഇദ്ദേഹം മീശ വടിച്ചിട്ടില്ല. കൂട്ടുകാരനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഗംഗാധരനും മീശ വളർത്തി. ഇരുവരും ബങ്കളത്തെ കൊമ്പൻ മീശക്കാരായി.
ഡയറി കുറിപ്പുകൾ
ശവദാഹ കർമ്മം കഴിഞ്ഞു ശരീരശുദ്ധി വരുത്തി വീട്ടിൽ എത്തിയ ഉടനെ എം കുഞ്ഞിക്കണ്ണൻ പുസ്തകവും പേനയും എടുത്ത് കുറിക്കും. സംസ്ക്കരിച്ചവരുടെ പേരും മരിച്ച തീയ്യതിയും. ഓർമ്മ വിട്ടുപോകാതിരിക്കാൻ. 40 കൊല്ലം മുമ്പ് മരിച്ചയാളുടെ പേരും തീയ്യതിയും വരെ കുഞ്ഞിക്കണ്ണന്റെ ഡയറിയിൽ ഇന്നും ഭദ്രമായുണ്ട്.