kallambalam-junction

കല്ലമ്പലം: ദേശീയപാതയിൽ ആറ്റിങ്ങലിനും പാരിപ്പള്ളിക്കും മദ്ധ്യേയുള്ള പ്രധാന പട്ടണമായ കല്ലമ്പലം ജംഗ്ഷനിൽ വഴി വാണിഭവും അനധികൃത പാർക്കിംഗും മൂലം പൊറുതിമുട്ടി ജനം. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്തിരിക്കുന്നതുമൂലം റോഡിൽ ഇറങ്ങി നടക്കേണ്ടി വരുന്നതിനാൽ കാൽനടയാത്രികർ അപകടത്തിൽ പെടുന്നത് പതിവാണ്. അനധികൃത പാർക്കിംഗിന് പുറമേ വഴിയോര കച്ചവടങ്ങൾ കൂടി തകൃതിയായതോടെ കാൽനട യാത്രികർക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഏറെനാളായി നാട്ടുകാരെയും യാത്രക്കാരെയും അലട്ടുന്ന അഴിയാക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്കാകുന്നില്ല.

കരവാരം, നാവായിക്കുളം, ഒറ്റൂർ തുടങ്ങി മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കല്ലമ്പലം ജംഗ്ഷൻ പഞ്ചായത്തുകളുടെ വരുമാനത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും പഞ്ചായത്തുകൾ കല്ലമ്പലത്തെ അവഗണിച്ചിരിക്കുകയാണ്. സിഗ്നൽ ലൈറ്റുകൾ വെറും നോക്കുകുത്തിയായി മാറിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു.

കെ.എസ്.ആർ.ടി.സി അടക്കം ബസുകൾ പാർക്ക് ചെയ്യുന്നത് റോഡിലും പെട്രോൾ പമ്പിനു സമീപവും തോന്നിയപടിയാണ്. ഇവിടെ അപകടം പതിവാണ്. കുത്തിഞെരുങ്ങിയുള്ള വഴികളിൽ പെട്ടുപോകുന്നത് നിരവധി കാൽനടയാത്രികരാണ്. ഇവർക്ക് വശങ്ങളിലൂടെയോ റോഡിലൂടെയോ പോലും നടക്കാൻ കഴിയില്ല.

അപകടങ്ങളിൽ പെടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രികരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും മൂലം ഗതാഗതം മണിക്കൂറുകൾ തടസപ്പെടുന്നുണ്ട്. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപം നാഷണൽ ഹൈവേ കൈയേറി പുര കെട്ടി ചായക്കച്ചവടം നടത്തുന്നതായും പരാതിയുണ്ട്. വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത വിധമാണ് റോഡിൽ ഫ്ലക്സ്‌ ബോർഡ് വച്ചാണ് കച്ചവടം. ഇതിന് സമീപമാണ് വെളിയാഴ്ച രാത്രി ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റി വാൻ പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികനടക്കം നാലുപേർക്ക് പരിക്കേറ്റത്.