
തിരുവനന്തപുരം: എല്ലാ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകൾ ഉറപ്പാക്കിയ
ആദ്യ ഇന്ത്യൻ സംസ്ഥാനമെന്ന നേട്ടം കേരളത്തിന് സ്വന്തം. കൈറ്റിന്റെ നേതൃത്വത്തിൽ, കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാർട് ക്ലാസ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും.
സംസ്ഥാനത്തെ 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങൾ സ്മാർട്ട് ക്ലാസ് റൂം പദ്ധതിക്കായി വിതരണം ചെയ്തു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിലുള്ള 4752 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയിരുന്നു. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയാറാക്കി.
പദ്ധതി ഒറ്റനോട്ടത്തിൽ
- 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങൾ
- സർക്കാർ, എയിഡഡ് മേഖലകളിലെ 12,678 സ്‌കൂളുകളിൽ അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്
- ഉപകരണങ്ങൾക്ക് 5 വർഷ വാറന്റിയും ഇൻഷ്വറൻസ് പരിരക്ഷയും
- പരാതി പരിഹാരത്തിന് വെബ് പോർട്ടലും കാൾ സെന്ററും
- അടിസ്ഥാനസൗകര്യമൊരുക്കാൻ 730.5 കോടി രൂപ
- കിഫ്ബിയിൽ നിന്നു മാത്രം 595 കോടി രൂപ
- വിദഗദ്ധ ഐ.ടി.സി പരിശീലനം നേടിയ 1,83,440 അദ്ധ്യാപകർ