
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൈറലായ നടൻ മോഹൻലാലിന്റെ എൻട്രി വീഡിയോയ്ക്ക് പിന്നാലെ അദ്ദേഹം ധരിച്ചിരുന്ന മനോഹരമായ വെള്ള ഷർട്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇറ്റാലിയൻ ലക്ഷ്വറി ക്ലോത്തിംഗ് ബ്രാൻഡായ
'പോൾ ആൻഡ് ഷാർക്കിന്റെ' ഷർട്ടാണ് മോഹൻലാൽ ധരിച്ചിരിക്കുന്നതെന്നും ഇതിന് 18,000-20,000 രൂപ വരെ വില വരുമെന്നും ആരാധകർ കണ്ടെത്തി. ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലെ ഷർട്ടിന്റെ വിലയടങ്ങുന്ന സ്ക്രീൻഷോട്ടും അവർ പങ്കുവച്ചിട്ടുണ്ട്. ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ലാൽ എത്തുന്ന 15 സെക്കൻഡുള്ള വിഡിയോയാണ് വൻഹിറ്റായത്. മാസ്‌ക് വച്ച് മുഖം മറച്ച് പുറത്തിറങ്ങിയ അദ്ദേഹം, ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് തോൾ ചരിച്ച് നടന്നുപോകുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.
വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും' എന്ന തലവാചകത്തിലുള്ള വീഡിയോ സൈബർ ലോകം ഏറ്റെടുത്തു. ഇതിനൊപ്പം ലൊക്കേഷനിൽ മോഹൻലാലും മറ്റ് താരങ്ങളുമുള്ള ചിത്രം സംവിധായകൻ ജിത്തു ജോസഫും പങ്കുവച്ചിട്ടുണ്ട്. മുൻപ് മമ്മൂട്ടിയുടെ സെൽഫി വൈറലായപ്പോൾ അദ്ദേഹം ഉപയോഗിക്കുന്ന ഫോണിന്റെ വിവരങ്ങളും വിലയും സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ കണ്ടെത്തി പങ്കുവച്ചിരുന്നു.