
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക് ബെനഫിറ്റ് ട്രാൻസ്ഫർ (ഇ.ബി.ടി) വെബ്‌സൈറ്റ് പണിമുടക്കിയതോടെ വലഞ്ഞ് മലയോര കർഷകർ. ebt.kerala.gov.in എന്ന സൈറ്റാണ് രണ്ടു മാസത്തോളമായി തകരാറിലായിരിക്കുന്നത്.
റബർ ഇൻസെന്റീവ് സ്‌കീം അടക്കമുള്ളവയുടെ രജിസ്‌ട്രേഷൻ, ബിൽ അപ്‌ലോഡിംഗ് എന്നിവ നടത്തുന്നത് ഈ വെബ്‌സൈറ്റ് വഴിയാണ്. റബർ ഉത്പാദക സംഘങ്ങളാണ് (ആർ.പി.എസ്) സൈറ്റിൽ കർഷകരുടെ രജിസ്‌ട്രേഷനടക്കം നടത്തുന്നത്. രജിസ്‌ട്രേഷനിലൂടെ ലഭിക്കുന്ന ബെനഫിഷറി ഐഡി വഴിയാണ് കർഷകരുടെ ബില്ലുകൾ സബ്സിഡിക്കായി നൽകുക. മാസത്തിൽ രണ്ടു തവണയാണ് ബിൽ അപ്‌ലോഡ് ചെയ്യാനാകുക. ജൂൺ മുതൽ സെപ്തംബർ വരെ പുതിയ രജിസ്‌ട്രേഷനും നടത്താം. ഓരോ വർഷവും തോട്ടംഭൂമിയുടെ നികുതി വിവരങ്ങൾ പുതുക്കി നൽകുകയും വേണം. സൈറ്റ് തകരാറായതിനാൽ സംഘങ്ങൾക്ക് ഇതൊന്നും നടത്താനാവുന്നില്ല.
കൃഷി വകുപ്പിന്റെ വിവിധ സബ്സിഡികളും ഈ സൈറ്റ് വഴിയാണ് നൽകിയിരുന്നത്.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് സൈറ്റ് വികസിപ്പിച്ച് കൃഷി വകുപ്പിന് നൽകിയിരിക്കുന്നത്. സൈറ്റിന്റെ സെർവർ ഒരു മാസമായി തകരാറിലാണ്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണ്.
-റബർ ബോർഡ് അധികൃതർ