mm-hasan

തിരുവനന്തപുരം:മുഖ്യമന്ത്രിയെ ഏകചക്രാധിപതി ആക്കുന്നതിന്റെ ഭാഗമാണ് റൂൾസ് ഓഫ് ബിസിനസ് ദേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമതിയുടെ നിർദ്ദേശങ്ങളെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ആരോപിച്ചു.

നാലര വർഷത്തെ പിണറായി വിജയന്റെ ഏകാധിപത്യ പ്രവർത്തനശൈലിക്ക് അംഗീകാരം നൽകാനുള്ള വിഫലശ്രമമാണിത്.അധികാരം വിട്ടൊഴിയാൻ അരനാഴിക മാത്രം ശേഷിക്കെ, 2018ൽ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ ചർച്ചയ്ക്ക് വന്നത് അമ്പരപ്പിക്കുന്നു. മന്ത്രിമാരുടെ മുകളിൽ വകുപ്പ് സെക്രട്ടറിമാരായ ഉദ്യോഗസ്ഥരെ പ്രതിഷ്ഠിക്കാനുള്ള നിർദ്ദേശം ജനാധിപത്യ സംവിധാനത്തെ പരിഹസിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്യമാണ്.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അമിത അധികാരം നൽകിയതു കൊണ്ടാണ് സ്വർണക്കടത്ത്, സ് പ്രിൻക്ളർ,ലൈമിഷൻ അഴിമതികൾ നടന്നത്. ഈ സാഹചര്യത്തിൽ മന്ത്രിസഭാ ഉപസമിതിയുടെ നിർദ്ദേശങ്ങളിൽ ദുരൂഹതയുണ്ട്. കേന്ദ്രത്തിൽ എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയിൽ കേന്ദ്രീകരിച്ച് ഏകാധിപതിയാക്കിയതുപോലെ മുഖ്യമന്ത്രിയേയും ആക്കാനാണ് മന്ത്രിസഭാ ഉപസമിതി ആഗ്രഹിക്കുന്നത്. ഈ ശുപാർശയെ യു.ഡി.എഫ് ശക്തമായി എതിർക്കുമെന്ന് ഹസൻ പറഞ്ഞു.