
തിരുവനന്തപുരം:നൂറ്റി ഇരുപത് വർഷം മുമ്പ് ബ്രിട്ടീഷുകാരനായ ജന്തുശാസ്ത്രജ്ഞൻ റെജിനാൾഡ് പശ്ചിമഘട്ട മേഖലയിൽ കണ്ടെത്തിയ വിപ് സ്‌പൈഡർ (ചാട്ടവാർ ചിലന്തി) കേരളത്തിൽ വീണ്ടും. അത്യപൂർവ്വമായ ഈ ചിലന്തി വർഗത്തെ തൊടുപുഴ കലൂർക്കാട് ഭാഗത്ത് കണ്ടെത്തിയത് മുവാറ്റുപുഴ സ്വദേശിയും ബയോളജി അദ്ധ്യാപകനും, തുമ്പി നിരീക്ഷകനുമായ രാജീവ് പി.ആർ ആണ്. ഇദ്ദേഹം എടുത്ത ചിത്രം കണ്ട തേവര കോളേജിലെ സുവോളജി വിഭാഗം മേധാവി മാത്യു എം.ജെയാണ് ചാട്ടവാർ ചിലന്തിയെന്ന് ഉറപ്പിച്ചത്. ഇതിന്റെ സാന്നിദ്ധ്യം കേരളത്തിൽ ആദ്യം കണ്ടത് കോട്ടയത്തായിരുന്നു.
റെജിനാൾഡ് 1900ത്തിലാണ് പശ്ചിമഘട്ടത്തിൽ ഫ്രൈനിക്കസ് ഫിപ്‌സോണി വർഗത്തിൽപ്പെട്ട വിപ് സ്‌പൈഡറിനെ കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന ഇവയെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഇതുവരെ റെഡ് ഡേറ്റാ ബുക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. 30 കോടിയോളം വഷങ്ങൾക്ക് മുമ്പ് ദിനോസറുകളുടെ കാലം മുതലുള്ള ജീവി വർഗമാണിത്. തേളിന്റെയും ചിലന്തിയുടെയും സമ്മിശ്ര സ്വഭാവും പ്രത്യേകതയാണ്.
ചാട്ടവാർ പോലെ നീണ്ട കാലുകൾ
ചാട്ടവാർ പോലെ നീണ്ട കാലുകളാണ് പേരിനു കാരണം.മനുഷ്യർക്ക് ഹാനികരമല്ല. നീളമുള്ള കാലുകളിൽ ഗ്രന്ഥികളോ വിഷമുള്ള കൊഴുപ്പുകളോ ഇല്ല. ഭയപ്പെടുത്തിയാൽ അപൂർവ്വമായി കടിക്കും, പിടിക്കാൻ ശ്രമിച്ചാൽ തേളിനെ പോലെ ഇറുക്ക് കാലുകൾ ഉപയോഗിച്ച് മുറിവേൽപ്പിക്കാൻ സാദ്ധ്യതയുണ്ട്.ഇതിന്റെ അഗ്രഭാഗത്ത് മുള്ളുകൾ (പെഡിപാൽപ്പ്) പോലുള്ള ഭാഗങ്ങളുണ്ട്. ശരീരത്തിന്റെ ഇരട്ടിവലിപ്പത്തിൽ കാലുകൾ നീട്ടും. കാലുകൾ സെൻസറി അവയവങ്ങളാണ്.ഇരയെ കാലുകളാൽ കണ്ടെത്തി പിടികൂടി നിശ്ചലമാക്കും. ആറു കാലിലാണ് നടക്കുന്നത്..