er

വർക്കല: സെപ്റ്റിക് ടാങ്കിന്റെ മേൽമൂടി തകർന്ന് കുഴിയിൽവീണ പതിനേഴുകാരിയെ വർക്കല ഫയർഫോഴ്സ് രക്ഷിച്ചു. വർക്കല താഴെവെട്ടൂർ റാത്തിക്കൽ പാവത്തുവിളവീട്ടിൽ ബിജി എം. ഇല്ല്യാസിന്റെ മകൾ സൈഫമോളാണ് (17) അപകടത്തിൽപെട്ടത്. ഞായറാഴ്ച രാവിലെ 11. 30ഓടെയാണ് സംഭവം. ഇല്യാസിന്റെ വീട്ടിലെ പഴയ സെപ്റ്റിടിക് ടാങ്കിന്റെ സ്ളാബിന് മുകളിൽ കോൺക്രീറ്റ് ചെയ്ത് മണ്ണുപാകിയിരുന്നു. ഇതിന് സമീപത്ത് നിന്ന് പാത്രം കഴുകുന്നതിനിടെയാണ് സ്ലാബ് നിന്നിരുന്ന ഭാഗം ഇടിഞ്ഞുതാണത്.

35 അടിയോളം താഴേക്ക് പതിച്ച സ്ലാബിനൊപ്പം പെൺകുട്ടിയും വീണു. കുഴിയുടെ മദ്ധ്യഭാഗത്ത് സ്ളാബ് കുടുങ്ങിയതിനാൽ വൻ അപകടം ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വല ഉപയോഗിച്ചാണ് സൈഫമോളെ രക്ഷിച്ചത്. സാരമായി പരിക്കേറ്റ പെൺകുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഫയർ സ്റ്റേഷൻ ഓഫീസർ വേണുഗോപാൽ, അസി. സ്റ്റേഷൻ ഓഫീസർ സജികുമാർ, ഫയർമാൻമാരായ പ്രതീഷ് കുമാർ, അജിൻ, അരുൺകുമാർ, വിനോദ്, വിനീഷ്, ശ്രീകുമാർ, ഷമ്മി എന്നിവർ ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.