kk-shylaja

തിരുവനന്തപുരം : കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പൂർണമായി ഒഴിവാക്കാൻ സാധിച്ചിട്ടില്ലെന്നും

അതിനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അന്താരാഷ്ട്ര ബാലികാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഏറെ അടുപ്പമുള്ളവരാണ് പലപ്പോഴും കുട്ടികളെ അക്രമിക്കുന്നത്. കുട്ടികളെ അകാരണമായി മർദ്ദിച്ചാൽ ഭാവിയിൽ വലിയ പ്രശ്‌നമുണ്ടാക്കും. ഇത് മനസിലാക്കിയാണ് ഉത്തരവാദിത്വമുള്ള രക്ഷകർത്താക്കളെ സൃഷ്ടിക്കാനായി റെസ്‌പോൺസിബിൾ പാരന്റിംഗ് നടപ്പിലാക്കിയത്. പെൺകുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. കുട്ടികളുടെ സുരക്ഷിതത്വത്തോടൊപ്പം ആരോഗ്യവും മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പ്രകാശനവും കാമ്പെയിൻ സമാരംഭവും സർഗലയ പുരസ്‌കാരത്തിന്റെ പ്രഖ്യാപനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു.

ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ 'ലോഗിൻ ടു സർഗലയ' എന്ന പേരിൽ നടത്തിയ മത്സര വിജയികളെയും പ്രഖ്യാപിച്ചു.

ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ അഡ്വ.കെ.വി.മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

സാമൂഹ്യനീതി, വനിത ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ബാലാവകാശ സംരക്ഷണ കമ്മിഷൻ മെമ്പർ ഫാദർ ഫിലിപ്പ് പറക്കാട്ട്, ഐ.സി.പി.എസ് പ്രോഗ്രാം മാനേജർ വി.എസ്. വേണു, ചൈൽഡ്ലൈൻ കോ ഓർഡിനേറ്റർ മനോജ് ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ എന്നിവർ സംസാരിച്ചു.