taluk-hospital
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി

ഫോർട്ടുകൊച്ചി: പേരിന് മാത്രം ഒരു ആശുപത്രി, അതാണ് പ്രദേശവാസികൾക്ക് ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രി. ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശമാണ് ഫോർട്ടുകൊച്ചി. പെട്ടെന്ന് ഒരസുഖം വന്നാൽ ആളുകൾ ഓടിച്ചെല്ലുന്നതും താലൂക്ക് ആശുപത്രിയിലേക്കാണ്. എന്നാൽ ചികിത്സിക്കാൻ ഡോക്ടർമാരോ കിടക്കാൻ വൃത്തിയുള്ള വാർഡുകളോ ഇവിടെയില്ല. മിക്ക എമർജൻസി കേസുകളും ഡോക്ടർമാർ മറ്റു ആശുപത്രികളിലേക്ക് വിടുകയാണ് പതിവ്. ആശുപത്രിയിലെ ലക്ഷകണക്കിന് രൂപയുടെ ഉപകരണങ്ങൾ വെറുതെ കിടന്നു നശിക്കുകയാണ്. ആശുപത്രിയോട് ചേർന്ന് ഏക്കറുകണക്കിന് സ്ഥലത്തിനും അതുതന്നെ അവസ്ഥ!

പരിസരം മാലിന്യകൂമ്പാരം

ആശുപത്രിക്ക് ചുറ്റും ഏക്കറുകണക്കിന് സ്ഥലമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ഈ സ്ഥലങ്ങളിൽ വാർഡുകളും ഡോക്ടർമാർക്കും നഴ്സുമാർക്കും വിശ്രമ മുറികളും പണിയാം. പ്രദേശം മുഴുവൻ കാട് പിടിച്ചു കിടക്കുന്നതിനാൽ പാമ്പ് ശല്യവും രൂക്ഷമാണ്. ദിനംപ്രതി മാലിന്യങ്ങൾ കുന്നുകൂടുകയാണ്. വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനം പോലുമില്ല. കുടിവെള്ള ടാങ്കിൽ മാലിന്യ അവശിഷ്ടങ്ങളാണ്.

റൂം ഉണ്ട്, പോസ്റ്റ്മോർട്ടം നടക്കില്ല!

പോസ്റ്റ്മോർട്ടം റൂം ഉണ്ടെങ്കിലും രണ്ട് വർഷത്തോളമായി പോസ്റ്റ്മോർട്ടം ഒന്നും നടത്തിയിട്ടില്ല. അത്തരം കേസുകൾ വന്നാൽ എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. പോസ്റ്റ്മോർട്ടം റൂമിന്റെ ജനൽ ചില്ലുകളെല്ലാം തകർന്ന അവസ്ഥയിലാണ്. വേണ്ടവിധത്തിൽ കെെകാര്യം ചെയ്താൽ എല്ലാ സജ്ജീകരണങ്ങളോടുംകൂടി ആശുപത്രി പ്രവർത്തിപ്പിക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. വാർഡുകൾ ഉണ്ടെങ്കിലും വാടകയ്ക്ക് കൊടുത്തത് മാത്രമെ പ്രവർത്തിക്കുന്നുള്ളു.

'പ്രദേശവാസികൾക്ക് ആശ്വാസമാകേണ്ട ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. ആശുപത്രി എല്ലാ സജ്ജീകരണങ്ങളോടു കൂടി പ്രവർത്തികുകയാണെങ്കിൽ നാട്ടുകാർക്ക് വലിയൊരു സഹായമാകും.'

കെ.എ മുജീബ് റഹ്മാൻ

സാമൂഹ്യപ്രവർത്തകൻ