
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് 3 മാസത്തിലൊരിക്കൽ ആരോഗ്യപരിശോധന നടത്താനായി 29 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ജീവനക്കാർക്കിടയിൽ ജീവിത ശൈലി രോഗങ്ങളും മരണനിരക്കും ഉയർന്നതിനെ തുടർന്നാണ് നടപടി. കൂടുതൽ ജീവനക്കാരുള്ള തിരുവനന്തപുരത്ത് മൊബൈൽ ക്ലിനിക്ക് ആരംഭിക്കും. ഇതിനായി ഒരു ബസിനെ രൂപമാറ്റം വരുത്തി ലാബ് സൗകര്യങ്ങളടക്കം സജ്ജമാക്കും.
ഡോക്ടർ, നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ എന്നിവരുടെ സേവനവും ഉറപ്പാക്കും. മൊബൈൽ ക്ളിനിക്ക് ഓരോ ഡിപ്പോകളിലുമെത്തി ജീവനക്കാരെ പരിശോധിക്കും. 7000 ജീവനക്കാരാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. ക്രമേണ ഇത് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
ബസുകളിൽ വായു സഞ്ചാരം കുറവായതിനാൽ ഡ്രൈവർമാർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ മാറ്റാനായി എല്ലാ ബസുകളിലും വശങ്ങളിൽ കിളിവാതിലുകൾ നിർമ്മിക്കും. ഡ്രൈവർ, കണ്ടക്ടർ സീറ്റുകൾക്ക് സമീപം കുപ്പിവെള്ളം വയ്ക്കാനുള്ള സൗകര്യം ഒരുക്കും. കഴിഞ്ഞ മൂന്നരമാസത്തിനിടയിൽ 14 പേരും അഞ്ച് വർഷത്തിനിടയിൽ 388 ജീവനക്കാരും വിവിധ രോഗങ്ങളാൽ മരണപ്പെട്ടു.
.
ജീവനക്കാരുടെ ആരോഗ്യത്തിനാണ് മുഖ്യപരിഗണന.ആരോഗ്യപരിപാലനം സംബന്ധിച്ച് ജീവനക്കാർക്കിടയിൽ വേണ്ടത്ര അറിവില്ലാത്തതാണ് അകാല മരണങ്ങൾ വർദ്ധിക്കാനുള്ള കാരണം. ഇത് മാറ്റുന്നതിന് വേണ്ടി ജീവനക്കാർക്ക് ആരോഗ്യ ബോധവത്കരണവും നടത്തും''- എ.കെ.ശശീന്ദ്രൻ, ഗതാഗതമന്ത്രി