കണ്ണൂർ: സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സഹകരണ മേഖലയിൽ വൻ തോതിൽ തൊഴിലവസരം സൃഷ്ടിക്കാൻ പദ്ധതി. ഇതിനായി കോടികളുടെ വായ്പ നൽകും. സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാസഹകരണ സംഘങ്ങൾ, സഹകരണ അപക്സ് ഫെഡറേഷൻ, മറ്റു സഹ. സംഘങ്ങൾ, കേരളാ ബാങ്കിന്റെ 769 ശാഖകൾ എന്നിവയിലൂടെയാണ്. സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ, ചെറുകിട കച്ചവടം എന്നിവക്ക് വായ്പ നൽകുക.
ഇതിനായി 2020 ഒക്‌ടോബർ മുതലുള്ള തൊഴിലവസരങ്ങളുടെ നിശ്ചിത ദിവസത്തെ കണക്കുകൾ സർക്കാരിന് നൽകണം. പദ്ധതികളുടെ നടത്തിപ്പിനും വിവര ശേഖരണത്തിനും ജില്ലകളിലെ എല്ലാ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ ഡപ്യൂട്ടി റജിസ്ട്രാർമാരെ നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്.


പ്രാഥമിക സഹ. സംഘങ്ങൾ മുഖേന

7264 തൊഴിലവസരങ്ങൾ


പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന 7264 തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നു. കേരളാബാങ്ക് മുഖേന 7076ഉം, സഹകരണ അപക്സ് ഫെഡറേഷൻ വഴി 186എണ്ണവും വേണം. പ്രാഥമിക സഹകരണ സംഘത്തിന്റെ സ്വസ്വന്തം പദ്ധതി മുഖേന 1500ഉം, വായ്‌പേതര സംഘങ്ങൾ വഴി 474ഉം പദ്ധതി വിഭാവനം ചെയ്യുന്നു. സഹകരണ ബാങ്കുകൾ, സംഘങ്ങൾ എന്നിവ മുഖേന 500 സ്ഥിര നിയമനവും ആവാം. മൊത്തം 17000 ഒഴിവുകളാണ് ഒന്നാം ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്.


ഒരു പദ്ധതിക്ക് ഒരു തൊഴിൽ
'ഒരു പദ്ധതിക്ക് ഒരു തൊഴിൽ' എന്ന അടിസ്ഥാനത്തിൽ ജില്ലയിൽ 2644പദ്ധതി തുടങ്ങും. ഇതിന് പദ്ധതിയൊന്നിന് അഞ്ച് ലക്ഷം വായ്പ നൽകും. ഒരു പദ്ധതിക്ക് ശരാശരി രണ്ടു തൊഴിൽ വീതം ലഭിക്കുന്ന 1600പദ്ധതികൾക്ക് അഞ്ചു മുതൽ പത്ത് ലക്ഷം വരെയാണ് വായ്പ.
അഞ്ചുപേർക്ക് തൊഴിൽ ലഭിക്കുന്ന 400 പദ്ധതികൾക്ക് പത്ത് മുതൽ 25 ലക്ഷം വരെ വായ്പ ലഭിക്കും. 2000പേർക്കാണ് ഇതു വഴി തൊഴിൽ ലഭിക്കുക. 25ലക്ഷത്തിന് മുകളിൽ വായ്പ ലഭിക്കുന്ന 100 പദ്ധതിയിൽ ശരാശരി പത്തുവീതം പേർക്ക് തൊഴിൽ ലഭിക്കും. ആയിരം അവസരങ്ങൾ. ഇങ്ങിനെ സാദ്ധ്യമാകും. 2900 പദ്ധതികളിലൂടെ 7264 തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഓരോ ജില്ലക്കും പ്രത്യേകം ടാർജറ്റ് നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ 314 എണ്ണം. ഏറ്റവും കുറവ് ഇടുക്കി 70 എണ്ണം. കൊവിഡ് സാഹചര്യത്തിൽ വായ്പാ പലിശ നിരക്ക് 9 ശതമാനമായി കുറച്ചിട്ടുണ്ട്.


പ്രവാസികൾക്കും ആശ്വാസമാകും
പല സഹകരണ സ്ഥാപനങ്ങളും വലിയ നഷ്ടത്തിലാണെങ്കിലും വായ്പ നൽകാൻ നിർബന്ധിക്കപ്പെട്ടിരിക്കുകയാണ്. കൊവിഡ് സാഹചര്യത്തിൽ തിരിച്ചടവിന്റെ കാര്യത്തിൽ സഹകരണ സ്ഥാപനങ്ങൾക്ക് ആശങ്കയുണ്ട്. അതേ സമയം വ്യക്തികൾക്കും സംഘങ്ങൾക്കും പുതിയ തൊഴിലവസരങ്ങൾ പ്രത്യേകിച്ചും ഗ്രാമീണ തൊഴിലവസരങ്ങൾ കണ്ടെത്താൻ ഇതുവഴി കഴിയും. പ്രവാസികളേയും പ്രതീക്ഷിക്കുന്നുണ്ട്.