spinning
സ്പിന്നിംഗ്

 ആലപ്പി മില്ലിലെ നഷ്ടം തിരിച്ചു പിടിക്കും

കണ്ണൂർ: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ മില്ലുകളിലെ ധൂർത്തും അഴിമതിയും പിടിച്ചുകെട്ടാൻ നടപടി തുടങ്ങി. കൊവിഡിന്റെ മറവിൽ പൊതുമേഖലാമില്ലുകളിൽ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിലും ഉത്പന്നങ്ങൾ വിൽക്കുന്നതിലും വ്യാപക അഴിമതിയെന്ന് ആരോപണമുയർന്നതിന്റെ അടിസ്ഥാനത്തിലാണിത്.

ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ സ്വകാര്യ ഏജൻസികളിൽ നിന്ന് മാർക്കറ്റ് വിലയെക്കാൾ കൂടുതൽ തുകയ്ക്ക് അസംസ്‌കൃത വസ്തുക്കൾ വാങ്ങിയപ്പോഴുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ വ്യവസായ വകുപ്പ് ഉത്തരവിട്ടു. ലോഡ് ഒന്നിന് 3.86 ലക്ഷം രൂപ കൂടുതൽ നൽകി പരുത്തി വാങ്ങിയെന്നാണ് കൈത്തറി ടെക്സ്റ്റൈൽ ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യവസായ വകുപ്പിന്റെയും ഹാന്റ് ലൂം ഡയറക്ടറായ രജിസ്ട്രാറുടെയുെം അനുമതി വാങ്ങാതെയും പുതിയ ഇ- ടെൻഡർ വിളിക്കാതെയുമാണ് മേയ് ആദ്യവാരം പരുത്തി വാങ്ങിയത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടൺ കോർപറേഷൻ ഒഫ് ഇന്ത്യയിൽ (സി.സി.ഐ) വൻ വിലക്കുറവിലാണിപ്പോൾ പരുത്തി വിൽക്കുന്നത്. രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണത്തിൽ തുടർനടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കൈത്തറി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും പൊതുമേഖലാ സഹകരണ സ്പിന്നിംഗ് മില്ലുകൾക്ക് സർക്കാർ പത്തുകോടി രൂപ സഹായം നൽകിയിരുന്നു. എല്ലാ മില്ലുകളിലും ലാഭത്തിലാക്കാനുള്ള നടപടികൾക്ക് വ്യവസായവകുപ്പ് തുടക്കമിട്ടു കഴിഞ്ഞു.

30 എം.എം.പരുത്തി (355 കി.ഗ്രാം വില)

 സി.സി.ഐ- 39,000

 സ്വകാര്യമേഖല- 40,000

'പൊതുമേഖലാ മില്ലുകളിൽ അഴിമതിയും ധൂർത്തും വച്ചു പൊറുപ്പിക്കില്ല. നഷ്ടത്തിലായ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത് ".

- ഇ.പി. ജയരാജൻ, വ്യവസായമന്ത്രി