
തിരുവനന്തപുരം : പുതിയ രോഗികളുടെ എണ്ണത്തിലെ ക്രമാതീതമായ വർദ്ധന സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കനത്ത വെല്ലുവിളിയായി .ഈ മാസം മൂന്നു മുതലുള്ള ഒരാഴ്‌ചക്കാലം രാജ്യത്ത് പത്ത് ലക്ഷം പേരിൽ 405 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, സംസ്ഥാനത്ത് 1753 പേർ രോഗികളായി. രാജ്യ ശരാശരിയുടെ നാലിരട്ടിയിലധികമാണിത്. കർണാടകയും ഡൽഹിയുമാണ് തൊട്ടുപിന്നിൽ. അതേസമയം, ചികിത്സലുള്ളവരും രാജ്യശരാശരിയുടെ നാലിരട്ടിയാണ്.ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് പത്തു ലക്ഷത്തിൽ 651പേർ ചികിത്സയിലുള്ളപ്പോൾ, സംസ്ഥാനത്ത് ഇത് 2873 പേരാണ് . കർണാടക - 1978, മഹാരാഷ്ട്ര - 1968 . രോഗവ്യാപന നിരക്കിൽ (ടെസ്റ്റ് പോസിറ്റിവിറ്റി) രണ്ടാം സ്ഥാനത്ത് കേരളമാണ്. കഴിഞ്ഞ ഒരാഴ്‌ച സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് 13.5 ആണ്. അതേസമയം ഇതേ കാലയളവിൽ രാജ്യത്തെ രോഗ്യവ്യാപന നിരക്ക് 6.3ശതമാണമാണ്. ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 16.2. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ചത്തേക്കാൾ .2ശതമാനത്തിൻെറ കുറവുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവുണ്ടാകുമെന്നാണ് ആരോഗ്യവിഗദ്ധർ ചൂണ്ടിക്കാട്ടുന്നത്.രോഗവ്യാപനം രൂക്ഷമായിരിക്കെ, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നു മുതൽ തുറക്കുന്നതും ശബരിമലയിൽ ഭക്തരെ അനുവദിക്കുന്നതുമുൾപ്പടെ വരും നാളുകളിൽ കേരളത്തിന് കൂടുതൽ വെല്ലുവിളി ഉയർത്തുമെന്ന് ആരോഗ്യമേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ആഴ്ച രോഗികൾ
(പത്തുലക്ഷത്തിൽ)
രാജ്യശരാശരി -405
കേരളം -1753
കർണാടക -1150
ഡൽഹി -1112
മഹാരാഷ്ട്ര -770
ആന്ധ്രാപ്രദേശ് -754
തമിഴ്നാട്- 511