
തിരുവനന്തപുരം: ഒരൊറ്റ നാടൻ പാട്ടിലൂടെ ഹിമാചൽ പ്രദേശിന്റെയും , ഹിന്ദി ഭൂമിയുടേയും ഓമനയായി മാറിയ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ളാസുകാരി ദേവികയ്ക്ക്
ഇന്ന് രാജ്‌ഭവനിൽ വിരുന്നു സത്കാരം.ദേവികയുടെ സ്വരത്തിൽ ഹിമാചലിന്റെ നാടൻ പട്ട് വൈറലായതിനെക്കുറിച്ച് 'കേരളകൗമുദി'യിൽ വന്ന റിപ്പോർട്ടുകളും യു ട്യൂബ് വീഡിയോകളും ശ്രദ്ധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ,ഇന്നലെ രാവിലെ ദേവികയെ ഫോണിൽ വിളിച്ചാണ് രാജ്‌ഭവനിലേക്ക് ക്ഷണിച്ചത്. വിരുന്നിനു ശേഷം ദേവികയ്ക്ക് സമ്മാനവും നൽകും.
ദേവികയുടെ പാട്ട് ദേവഭൂമി ഏറ്റെടുത്തതിനെത്തുടർന്ന് ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം താക്കൂർ സംസ്ഥാനത്തേയ്ക്കു ക്ഷണിച്ചിരുന്നു. ശനിയാഴ്ച ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേവികയെ അഭിനന്ദിച്ചു. രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയ ദേവികയെത്തേടി പ്രമുഖരുൾപ്പെടെ നിരവധി പേർ തിരുമലയിലെ 'ദേവാമൃത'ത്തിലെത്തി.കേന്ദ്രമന്ത്രി വി.മുരളീധരൻ വീഡിയോ കോൺഫറൻസ് വഴി ദേവികയുമായി സംസാരിച്ചു. രാജ്യത്തിന്റെ പ്രശംസ നേടിയത് മലയാളി പെൺകുട്ടിയായതിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫോണിൽ വിളിച്ച്, കൂടുതൽ സംഗീതം പഠിച്ച് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് ആശംസിച്ചു. ഒ.രാജഗോപാൽ എം.എൽ.എ വീട്ടിലെത്തി ദേവികയുടെ പാട്ട് നേരിട്ട് ആസ്വദിച്ചു. ഒപ്പം ഇരുന്ന് കുടുംബാംങ്ങൾക്കൊപ്പം ഫോട്ടോ എടുത്തു. കെ.പി.സി.സി സെക്രട്ടറി ഡോ.ജി.വി.ഹരി ഒരു ശ്രതിപ്പെട്ടി ദേവികയ്ക്ക് സമ്മാനിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവിധ സംഘടനാ ഭാരവാഹികളും ദേവികയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ്
''സംഗീതത്തിന്റെ സാർവലൗകിക ഭാഷ ജനങ്ങളെ ഐക്യത്തിലേക്ക് നയിക്കുന്ന മധുരഗാഥയാണിത്. ഇന്ന് കേരളവും ഹിമാചലും മാത്രമല്ല, രാജ്യം ഒന്നടങ്കം തിരുവനന്തപുരത്തെ ദേവികയോടൊപ്പം ഐക്യത്തിന്റെ ഈ സംഗീതം ആലപിക്കുന്നു...''
കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്
''ദേവിക ദേശീയ തലത്തിൽ താരമായിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഭാഷയും സംസ്‌കാരവും, ജീവിത രീതിയും പരസ്പരമറിയാൻ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് വഴി ദേവികയെപ്പോലെയുള്ള പ്രതിഭകൾ രാജ്യ ശ്രദ്ധയിലെത്തുന്നതിൽ ഏറെ സന്തോഷമുണ്ട്.''