tiy

തിരുവനന്തപുരം: തമ്പുരാൻമുക്കിന് സമീപം അരശുംമൂട് - കുളത്തൂർ റോഡ് നവീകരിക്കാത്തതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. രണ്ടുവർഷമായി പൊട്ടിപൊളിഞ്ഞ റോ‌ഡ് ഇതുവരെയും ഗതാഗതയോഗ്യമാക്കിയില്ലെന്നാണ് പരാതി. റോഡ് പൊട്ടിപ്പൊളിഞ്ഞ സ്ഥലങ്ങളിൽ ഇപ്പോൾ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഹൈവേയിലേക്ക് പ്രവേശിക്കാൻ ഭൂരിഭാഗം പേരും ഈ റോഡാണ് ഉപയോഗിക്കുന്നത്. മഴ പെയ്‌തതു കാരണം വെള്ളം കെട്ടിക്കിടന്ന് റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. രാത്രി കാലങ്ങളിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേറ്റിറ്റുണ്ട്. ഇതുവഴിയുണ്ടായിരുന്ന ഏക ബസ് റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇപ്പോൾ സർവീസ് നടത്തുന്നില്ല. ആശുപത്രി ആവശ്യങ്ങൾക്ക് പോലും വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. പല തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു വിധ നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡ് നവീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.