
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 797 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 633 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 150 പേരുടെ ഉറവിടം വ്യക്തമല്ല. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ 10 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. പാൽകുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരു മുഹമ്മദ് (84) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 335 പേർ സ്ത്രീകളും 462 പേർ പുരുഷന്മാരുമാണ്. പുതുതായി രോഗനിരീക്ഷണത്തിലായ 2,576 പേർ ഉൾപ്പെടെ 31,779 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 2,307 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 11,720 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 1200 പേർ രോഗമുക്തി നേടിയിട്ടുണ്ട്.