
തിരുവനന്തപുരം: സംസ്ഥാന ഭരണത്തിൽ മന്ത്രിമാരുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവരിലേക്ക് അധികാരം കേന്ദ്രീകരിക്കാൻ ലക്ഷ്യമിടുന്ന റൂൾ ഓഫ് ബിസിനസ് ചട്ടഭേദഗതിയിൽ നിന്ന് സർക്കാർ പിൻമാറിയേക്കും.
ചട്ടഭേദഗതിയോട് എ.കെ.ബാലൻ അദ്ധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയിൽ തന്നെ ശക്തമായ വിയോജിപ്പാണുള്ളത്. ഘടകകക്ഷി മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ എതിർപ്പ് അവഗണിച്ചും, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ താൽപര്യം മാത്രം കണക്കിലെടുത്തും ചട്ടഭേദഗതി നടപ്പാക്കാനാകില്ല. അതിനു മുമ്പ് റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കണം. സി.പി.എം മന്ത്രിമാർക്കു തന്നെ ഇക്കാര്യത്തിൽ എതിർപ്പുണ്ട്. അതവർ പ്രകടമാക്കിയില്ലെങ്കിലും, ഘടകകക്ഷി മന്ത്രിമാർ എതിർക്കും
ഭരണത്തിൽ മന്ത്രിമാർക്കു മേൽ അധികാരം ഉറപ്പിക്കുന്നതിന് ചില ഉത്തരേന്ത്യൻ ഐ.എ.എസുകാർ നടത്തിയ നീക്കമാണ് ചട്ടഭേദഗതി ശ്രമത്തിന് പിന്നലെന്നാണ് ഘടകകക്ഷി മന്ത്രിമാരുടെ ആരോപണം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ചില നിർണായക തീരുമാനങ്ങൾക്കും ചട്ടഭേദഗതിയിലൂടെ ലക്ഷ്യമിട്ടിരുന്നതായി പറയുന്നു..
നിലവിലെ രീതി
ഉത്തരവ് തയ്യാറാക്കുന്നത് വകുപ്പിലെ ഉദ്യോഗസ്ഥർ > വകുപ്പ് സെക്രട്ടറി> വകുപ്പ് മന്ത്രി
> മുഖ്യമന്ത്രി
ചട്ടഭേദഗതി വന്നാൽ
ഉത്തരവ് തയ്യാറാക്കുന്നത് വകുപ്പിലെ ഉദ്യോഗസ്ഥർ > വകുപ്പ് സെക്രട്ടറി> ചീഫ് സെക്രട്ടറി > മുഖ്യമന്ത്രി.വകുപ്പ് മന്ത്രിമാർ ഫയൽ കാണണോയെയെന്ന് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും തീരുമാനിക്കാം.