navas

കല്ലറ: യുവാവിന്റെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതി പാങ്ങോട് ചന്തക്കുന്ന് നൗഫിയ മൻസിലിൽ നവാസിനെ ( 40 ) പൊലീസ് അറസ്റ്റുചെയ്‌തു. നവാസ് പത്തുവർഷം മുമ്പ് മന്നാനിയ കോളേജിന് സമീപം യുവതിയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിലെ പ്രതിയാണ്. പാങ്ങോട് പുലിപ്പാറ പരയ്‌ക്കാടിനു സമീപം ക്രിമിനൽ കേസ് പ്രതിയായ ഷിബുവിന്റെ മൃതദേഹം ബുധനാഴ്ചയാണ് വീട്ടിൽ കട്ടിലിനോട് ചേർന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്ത് നിന്ന് മനുഷ്യന്റെ കാൽ തെരുവ് നായ്‌ക്കൾ കടിച്ചു കൊണ്ടുപോകുന്നത് കണ്ടതിനെ തുടർന്ന് പാങ്ങോട് പൊലീസ് നടത്തിയ അന്വോഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് രണ്ടുദിവസം മുമ്പ് ഷിബുവുമായി ഏറ്റുമുട്ടിയ നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുറത്തുനിന്ന് കണ്ടെത്തിയ കാലിൽ പൊള്ളലേൽക്കാത്തതും വീട്ടിൽ തീപ്പെട്ടി കണ്ടെത്താത്തതുമാണ് കൊലപതാകമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ബി. അശോകന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷ്, സി.ഐ എൻ. സുനിഷ്, എസ്.ഐ ജെ. അജയൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.

പട്ടിക കഷണത്തിന് തലയ്‌ക്കടിച്ചു,

മദ്യം ഒഴിച്ച് കത്തിച്ചു


സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: ഷിബുവും പ്രതി നവാസും സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെ പത്തനാപുരത്തുവച്ച് ഷിബു നവാസിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. വിവിധ കേസുകളിൽപ്പെട്ട് ശിക്ഷ അനുഭവിച്ച ശേഷം രണ്ടുമാസം മുമ്പ് പുറത്തിറങ്ങിയ ഷിബു വീണ്ടും നവാസുമായി സൗഹൃദത്തിലായി. ഇക്കഴിഞ്ഞ ഞായറാഴ്ച ഒരുമിച്ച് ജോലിക്ക് പോയി മടങ്ങി വരവെ മദ്യം വാങ്ങി ഷിബുവിന്റെ വീട്ടിലെത്തി. തുടർന്ന് മദ്യം കഴിക്കുന്നതിനിടയിലെ വാക്കുതർക്കത്തിൽ ഷിബു പട്ടിക കഷണം ഉപയോഗിച്ച് നവാസിനെ മർദ്ദിച്ചു. എന്നാൽ നവാസ് പട്ടിക കഷണം പിടിച്ചെടുത്ത് ഷിബുവിനെ തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. ഇതിനുശേഷം വെട്ടുകത്തി ഉപയോഗിച്ച് കാല് വെട്ടിയെടുത്തു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹത്തിന് മുകളിൽ ടാർപ്പോളിനും തുണിയും കൂട്ടിയിട്ട് പ്ലാസ്റ്റിക് കട്ടിൽ കമിഴ്‌ത്തിയിട്ട് അതിന് മുകളിൽ മദ്യം ഒഴിച്ചു കത്തിക്കുകയായിരുന്നു. പ്രതി നവാസും ഷിബുവും ഞായറാഴ്ച ഓട്ടോയിൽ വന്നിറങ്ങിയത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. സംഭവ ദിവസം ഉച്ചയ്‌ക്ക് ഇവർ തമ്മിൽ വഴക്കിടുകയും നാട്ടുകാർ പിടിച്ചുമാറ്റുകയും ചെയ്‌തിരുന്നതായി കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് നവാസ് കുറ്റം സമ്മതിച്ചത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തിയിരുന്നു. സംഭവം കൊലപാതകമെന്ന് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു.