
തിരുവനന്തപുരം: പെരിയനമ്പിയും പഞ്ചഗവ്യത്തു നമ്പിയും ഉൾപ്പെടെ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ 15 മുതൽ നടത്തേണ്ട അൽപ്പശി ഉത്സവം മാറ്റി. ക്ഷേത്ര തന്ത്രിയുടെ നിർദേശാനുസരണമാണ് ഉത്സവം മാറ്റിയത്. കൊവിഡ് പശ്ചാത്തലത്തിൽ 15 വരെ ഭക്തരെയും ദർശനത്തിനു നിരോധിച്ചു. അത്യാവശ്യ ജീവനക്കാർ മാത്രമേ ക്ഷേത്ര ജോലിക്കായുള്ളൂവെങ്കിലും പൂജകൾക്ക് മുടക്കമില്ല.
ഭക്തരുടെ പ്രവേശനം ഓൺലൈൻ വഴിയാണ് ഇപ്പോൾ നടക്കുന്നത്. എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഒറ്റക്കൽ മണ്ഡപത്തിനു താഴെ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മുഴുവൻ ജീവനക്കാരെയും ശാന്തിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി. പെരിയനമ്പിയുടെ അസാന്നിധ്യത്തിൽ ശ്രീകോവിലിൽ പൂജ നടത്താനുള്ള അവകാശം തന്ത്രിക്കാണെന്നതിനാൽ തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പൂജകൾ നടത്താനുള്ള ചുമതല ഏറ്റെടുത്തു.
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനൊപ്പം തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, ചെറിയ ഉദേശ്വരം ക്ഷേത്രം, അരകത്ത് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലും ഉത്സവം നടത്താറുണ്ട്. അൽപ്പശി ഉത്സവം മാറ്റിയ സാഹചര്യത്തിൽ ഇവിടങ്ങളിലെ ഉത്സവങ്ങളും മാറ്റിയേക്കും.
മീന മാസ പൈങ്കുനി ഉത്സവവും കൊവിഡ് കാരണം മാറ്റിയിരുന്നു. പകരം തന്ത്രിയുടെ നിർദേശാനുസരണം കഴിഞ്ഞ മാസമാണ് ആഘോഷ രഹിതമായി പൈങ്കുനി ഉത്സവം നടത്തിയത്. സുന്ദര വിലാസം കൊട്ടാരത്തിനു മുന്നിൽ നടത്താറുള്ള പള്ളിവേട്ട ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലും ശംഖുംമുഖത്ത് നടത്താറുള്ള ആറാട്ട് ചരിത്രത്തിലാദ്യമായി പദ്മതീർത്ഥത്തിലുമാണ് നടത്തിയത്.