photo
മുത്തുമാരിയമ്മൻ ക്ഷേത്ര ഗോപുരത്തിന്റെ ഒരു ഭാഗം

നെടുമങ്ങാട്: തമിഴ് ശൈലിയിൽ നിർമ്മിച്ച ക്ഷേത്രങ്ങളുടെ പ്രധാന ഗോപുരങ്ങളാണ് നെടുമങ്ങാട് നഗരത്തിന്റെ മുഖമുദ്രകൾ. പുരാവസ്തുക്കൾ, അപൂർവ ഗ്രന്ഥങ്ങൾ, പ്രമാണങ്ങൾ, എഴുത്തോലകൾ, ഓർമ്മകൾ, പരമ്പരാഗത അറിവുകൾ തുടങ്ങി നിരവധി പൈതൃക വിഭവങ്ങൾ ഈ ക്ഷേത്ര സമുച്ഛയങ്ങളിൽ ഇന്നും കാത്ത് സൂക്ഷിക്കപ്പെടുന്നുണ്ട്. മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള മുത്താരമ്മൻ, മുത്തുമാരിയമ്മൻ ക്ഷേത്രങ്ങളാണ് സമ്പന്നമായ തമിഴ് സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായി തുടരുന്നത്. ഇതിന് സമാന്തരമായി കേരളീയ വാസ്തുശില്പ വിദ്യയിൽ നിർമ്മിച്ച മേലാങ്കോട്, കോയിക്കൽ ക്ഷേത്രങ്ങളും നെടുമങ്ങാടിന്റെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്രാവശിഷ്ടങ്ങളാണ്. ശില്പകലാ ചാരുതയിൽ പഴമക്കാർ മെനഞ്ഞെടുത്ത ഈ ദേവാലയങ്ങൾക്ക് പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കോയിക്കൽ കൊട്ടാരവുമായി അഭേദ്യമായ ബന്ധമുണ്ട്. എ.ഡി 1677ൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ഉമയമ്മറാണിയാണ് കോയിക്കൽ കൊട്ടാരവും ക്ഷേത്രങ്ങളും നിർമ്മിച്ചതെന്ന് രേഖകളുണ്ട്. 1979 -ൽ കോയിക്കൽ കൊട്ടാരം ചരിത്രമന്ദിരം എന്ന പട്ടികയിൽ ഉൾപ്പെടുത്തി പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. സംസ്ഥാനത്ത് ആദ്യമായി ഒരു ജനകീയ വിജ്ഞാന നാടൻ കലാദൃശ്യമന്ദിരവും (ഫോക് ലോർ മ്യൂസിയം) നാണയ പ്രദർശന മന്ദിരവും (ന്യൂമിസ്മാറ്റിക് മ്യൂസിയം) 1992-ൽ കോയിക്കൽ കൊട്ടാരത്തിൽ ആരംഭിച്ചു. നെടുമങ്ങാട് നഗരസഭ കാര്യാലയത്തിന് അഞ്ചു മീറ്റർ ചുറ്റളവിലായാണ് കൊട്ടാരവും അനുബന്ധ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. കൊട്ടാരം ചരിത്ര സ്മാരകമായി പ്രഖ്യാപിച്ച് നാല്പത്തിയൊന്ന് വർഷമായിട്ടും ക്ഷേത്ര സമുച്ഛയങ്ങൾക്ക് ആ പരിഗണന ലഭിച്ചിട്ടില്ലെന്നതാണ് വസ്‌തുത.

 പൈതൃക സംരക്ഷണമോ, അതെന്താ?

ചരിത്രപൈതൃകത്തോടുള്ള ആദരവും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും നഗരസഭാധികൃതരും പുരാവസ്തു വകുപ്പും മറന്ന മട്ടാണ്. അമൂല്യമായ രേഖകളും അത്യപൂർവ വസ്തുക്കളും ചിതലരിച്ചു നശിക്കുന്ന അവസ്ഥയാണുള്ളത്. 1990ൽ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് മുത്താരമ്മൻ ക്ഷേത്ര ഭരണസമിതി വിലപിടിപ്പുള്ള അനേകം വസ്തുക്കളും രേഖകളും കോയിക്കൽ കൊട്ടാരത്തിന് കൈമാറിയിരുന്നു.

 കോയിക്കൽ കൊട്ടാരം പണികഴിപ്പിച്ചത് എ.ഡി 1677

 പുരാവസ്‌തു വകുപ്പ് ഏറ്റെടുത്തത് 1979

 ദേവസ്വം മറന്ന ചരിത്രവഴി

തിരുവിതാംകൂർ ദേവസ്വം ഈ വഴി വന്നിട്ടേയില്ലെന്നാണ് പരാതി. ഗുരുവായൂർ ദേവസ്വം മെമ്പറായിരുന്ന ഉഴമലയ്ക്കൽ വേണുഗോപാൽ ഇടപെട്ട് മുത്താരമ്മൻ, മുത്തുമാരിയമ്മൻ ക്ഷേത്ര നവീകരണത്തിന് ലഭിച്ച രണ്ടു ലക്ഷം രൂപയാണ് ഏക സമാശ്വാസം. പ്രമുഖ ശില്പി ശുചീന്ദ്രം നടരാജപിള്ളയാണ് മുത്താരമ്മൻ ശ്രീകോവിലും ദേവി വിഗ്രഹവും നിർമ്മിച്ചത്. നാലമ്പലവും രാജ, ദന്ത ഗോപുരങ്ങളും മണക്കാട് മൂർത്തി, ചെല്ലം എന്നീ ശില്പികളും. മുത്തുമാരിയമ്മൻ ദേവസ്ഥാനത്തിന്റെ നിർമ്മിതി ശുചീന്ദ്രം താണുപിള്ള എന്ന ശില്പിയുടെ നേതൃത്വത്തിലായിരുന്നു.15 ആം നൂറ്റാണ്ടിൽ നിലനിന്ന കലാരൂപങ്ങൾ ഗോപുര നിർമ്മിതിയിൽ ശ്രദ്ധേയമാണ്.

'''' ആധുനിക ശില്പകലയെ വെല്ലുന്ന കലാരൂപങ്ങൾ കൊണ്ട് അലംകൃതമാണ് 339 വർഷം പഴക്കമുള്ള മുത്താരമ്മൻ ക്ഷേത്രം. മറ്റു ക്ഷേത്രങ്ങൾക്കും ഇതേപഴക്കമുണ്ട്. അത്യപൂർവ പുരാതന വസ്തുക്കളും രേഖകളും കണ്ടെടുത്ത് പുരാവസ്തു വകുപ്പിന് നൽകിയിട്ടുണ്ട്. പൈതൃക സമുച്ഛയങ്ങൾ എന്ന നിലയിലുള്ള യാതൊരു അംഗീകാരവും ക്ഷേത്രങ്ങൾക്ക് ലഭിച്ചിട്ടില്ല.

തോട്ടുക്കട കെ. രാമചന്ദ്രൻപിള്ള,

മുത്താരമ്മൻ ടെമ്പിൾ ട്രസ്റ്റ്