panni

വെള്ളറട: വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമായതോടെ കർഷകർ പ്രതിസന്ധിയിൽ. മലയോര മേഖലയിൽ വന്യമൃഗങ്ങളെത്തി കൃഷി നശിപ്പിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വെള്ളറട, അമ്പൂരി, കള്ളിക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ കർഷകരാണ് കാട്ടുമൃഗങ്ങളുടെ ശല്യം കാരണം പ്രതിസന്ധിയിലായിരിക്കുന്നത്. പച്ചക്കറികളും വാഴയും ധാന്യങ്ങളും ഒക്കെ ഇത്തരത്തിൽ കാടിറങ്ങുന്ന ജീവികൾ നശിപ്പിക്കാറുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വന്യമൃഗ ശല്യത്തിന് അറുതി വരുത്തുമെന്ന് ജനപ്രതിനിധികൾ പറയാറുണ്ടെങ്കിലും നടപടികൾ ഇപ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങുന്നുവെന്നാണ് കർഷകർ പറയുന്നത്. കാട്ടുപന്നികളും കുരങ്ങുകളുമാണ് പ്രധാനമായും കൃഷി നശിപ്പിക്കുന്നത്.

 ഇങ്ങനെയെങ്കിൽ കൃഷി നിലയ്ക്കും

മാവും പുളിയും പ്ളാവും കായ്ച്ചുതുടങ്ങിയതോടെ വാനരന്മാർ ഫലങ്ങളെല്ലാം അടിച്ചും തൊഴിച്ചും കളയുക പതിവാണ്. കാട്ടുപന്നിയാകട്ടെ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ച് ഇടുന്നതും പതിവാണ്. വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ മലയോരത്ത് കൃഷി ചെയ്യാൻ കഴിയാതെ വരുമെന്നാണ് കർഷകരുടെ ആശങ്ക.