
ഇരിട്ടി: ഉളിക്കലിൽ 40 പായ്ക്കറ്റ് കർണാടക മദ്യവും എട്ട് ലിറ്റർ കേരള മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പ്രിവന്റീവ് ഓഫീസർ കെ. ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ കാലാങ്കിയിൽ നടത്തിയ റെയിഡിലാണ് മാട്ടറ കാലാങ്കി സ്വദേശി മച്ചിനി വീട്ടിൽ എം.ജി. അരുൺ (23) പിടിയിലാകുന്നത്. പ്രിവന്റീവ് ഓഫീസർ ടി.കെ. വിനോദൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.വി. വൽസൻ, ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം കെ. ബിനീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ നെൽസൺ തോമസ്, ടി. സനലേഷ്, ബെൻഹർ കോട്ടത്തുവളപ്പിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഈ മേഖലയിലെ മറ്റു അനധികൃത മദ്യലോബികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ മട്ടന്നൂർ കോടതി റിമാന്റ് ചെയ്തു.