
നെയ്യാറ്റിൻകര: കൊവിഡ് ചികിത്സ കഴിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത മറ്റൊരു രോഗിയെ പുഴുവരിച്ച നിലയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴിച്ചൽ മണക്കാല കവറ്റക്കോണം ടി.എസ്.ഭവനിൽ തോമസിന്റെ (68) കാലിന്റെ ഇടഭാഗങ്ങൾ ഡയപ്പറുകൾ മാറ്റാത്തതിനാൽ വ്രണം പൊട്ടി പുഴുവരിക്കുകയായിരുന്നു.
വൃക്കരോഗിയായ തോമസിന് ഒരു മാസം മുൻപ് കൊവിഡ് സ്ഥിരീകരിച്ചത് കാരണമാണ് മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ചത്. ഒപ്പം പോയ ഭാര്യയും,മകൻ ജോയിയും ക്വാറന്റൈനിൽ പ്രവേശിച്ചു. അവരുടെ ക്വാറന്റൈൻ കഴിഞ്ഞപ്പോൾ തന്നെ തോമസിന് കൊവിഡ് നെഗറ്റീവ് ആയെങ്കിലും റിവേഴ്‌സ് ക്വാറന്റൈനിൽ ആശുപത്രിയിൽ തുടരുകയായിരുന്നു. വൃക്കരോഗിയായതിനാൽ ഡയാലിസിസും ചെയ്യണമായിരുന്നു.
ഒരു മാസത്തെ ചികിത്സ കഴിഞ്ഞ് തോമസിനെ ഡിസ്ചാർജ് ചെയ്യുന്ന വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തി. എങ്കിലും ഡയാലിസ് തുടരാനായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. ഇന്നലെ വൈകിട്ട് ആംബുലൻസിൽ നെയ്യാറ്റിൻകര എത്തിക്കവെ കടുത്ത വേദനയെ തുടർന്ന് മൂത്രമൊഴിക്കാൻ ശ്രമിക്കവെയാണ് കാലിന്റെ ഉൾവശങ്ങളിൽ പുഴവരിച്ചത് ബന്ധുക്കൾ ശ്രദ്ധിച്ചത്. ഉപയോഗിച്ചിരുന്ന ഡയപ്പറുകളിൽ വ്രണം പഴുത്ത നിലയിലായിരുന്നു.
മെഡിക്കൽ കോളേജിലെ ചികിത്സയ്‌ക്കിടെ ബന്ധുക്കൾ വാങ്ങിക്കൊടുത്ത ഡയപ്പറുകൾ ആശുപത്രി അധികൃതർ മാറ്റിയില്ലെന്നതാണ് പരാതി.
ചികിത്സയ്ക്കിടെ ശരീരത്തിൽ ഉണ്ടായ ആഴത്തിലുള്ള മുറിവ് തോമസിനെ കൂടുതൽ അവശനാക്കി.ഇത് ആശുപത്രി ജീവനക്കാർ ശ്രദ്ധിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു. ഡയപ്പറുകൾ മാറ്റാത്തതാണ് പുഴുവരിക്കാൻ കാരണമെന്നാണ് നെയ്യാറ്റിൻകര ആശുപത്രി അധികൃതർ അറിയിച്ചത്.