വർക്കല: നഗരമദ്ധ്യത്തിൽ സ്വന്തം ഭൂമി ഉണ്ടായിട്ടും മന്ദിരം നിർമ്മിച്ച് അവിടെ പ്രവർത്തനം ആരംഭിക്കാതെൻ വർക്കല പോസ്റ്റോഫീസ്. തുടക്കം മുതൽ വാടക കെട്ടിടങ്ങളിലാണ് പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വർക്കല പോസ്റ്റോഫീസിന് കെട്ടിടം പണിയാൻ റെയിൽവേ സ്റ്റേഷൻ റോഡിൽ 30 സെന്റ് സ്ഥലമുണ്ട്. അതിൽ പണിതീരാത്ത ഒരു കെട്ടിടം കാടുകയറി നാമാവശേഷമായി കിടക്കുന്നു. തീർത്ഥാടന വിനോദസഞ്ചാരകേന്ദ്രം കൂടിയായതിനാൽ സീസൺ സമയത്ത് ധാരാളം വിനോദസഞ്ചാരികളും സ്‌പീഡ് പോസ്റ്റ്, പാഴ്സൽ സർവീസ്, ഇൻസ്റ്റൻഡ് മണി ട്രാൻസ്‌ഫർ തുടങ്ങിയ സേവനങ്ങൾക്ക് എത്തുന്നുണ്ട്. വർക്കലയിലെ മുഖ്യ തപാൽ ഓഫീസിനുകീഴിൽ എട്ട് മെയിൽ എക്സ്ചേഞ്ച് ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. ഇടവ, അയിരൂർ, മൂങ്ങോട്, ചെറുന്നീയൂർ, പാളയം കുന്ന്, വടശേരിക്കോണം, വെട്ടൂർ, ശ്രീനിവാസപുരം എന്നിവയാണ് പ്രവർത്തിക്കുന്നത്. പരിമിതിയുണ്ടായിട്ടും പോസ്റ്റോഫീസിനു സ്വന്തം കെട്ടിടമെന്ന സ്വപ്‌നം അനന്തമായി നീളുകയാണ്.