
തൃക്കരിപ്പൂർ: വലിയപറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒരാഴ്ചയോടെ നടക്കാനിരിക്കെ ജനങ്ങൾ കൗതുകത്തോടെ കാത്തിരിക്കുകയാണ്. ഇടതുവലതു മുന്നണികൾ 6 സീറ്റുകളുമായി തുല്യരായതിനാൽ നറുക്കെടുപ്പിലൂടെ അധികാരം കിട്ടുമെന്ന് മാത്രമല്ല, ഭാഗ്യവതിയ്ക്ക് 20 ദിവസം മാത്രമെ തുടരാൻ കഴിയുകയുള്ളൂവെന്നതാണ് പ്രത്യേകത.
ഭരണസമിതിയുടെ കാലാവധി നവംബർ 11 ന് പൂർത്തിയാകാനിരിക്കെയാണ് ശേഷിച്ച ദിവസങ്ങളിലേക്കായി ഒഴിവുവന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. നിലവിലുണ്ടായിരുന്ന വൈസ് പ്രസിഡന്റ് കോൺഗ്രസിലെ പി.പി. ശാരദ മരിച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണിത്. 19ന് പുതിയ വൈസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്നും രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ ഹാജരാക്കണമെന്നും അറിയിപ്പ് വരണാധികാരിയായ ഹൊസ്ദുർഗ് ടൗൺ എംപ്ലോയ്‌മെന്റ് ഓഫീസർ അംഗങ്ങൾക്ക് നൽകി.
ആ തീയ്യതിയിൽ നേരത്തെ തീരുമാനിച്ച പ്രകരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞാൽ കേവലം 20 ദിവസം മാത്രമെ ആസ്ഥാനത്ത് തുടരാൻ കഴിയൂ. ഒരു പക്ഷെ അപൂർവമായിരിക്കും ഇത്തരം നടപടികൾ.
യു.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള പഞ്ചായത്തിൽ ആകെ 13 സീറ്റുകളാണ് ഉള്ളത്. ഇതിൽ 7 അംഗബലത്തിലാണ് ലീഗിന്റെ പ്രതിനിധിയായ എം.ടി. ജബ്ബാറിന്റെ നേതൃത്വത്തിൽ ഭരണം കയ്യാളുന്നത്. വൈസ് പ്രസിഡന്റ് മരിച്ചതോടെയാണ് സീറ്റ് തുല്യമായത്. വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്.