03

ശ്രീകാര്യം: അടിക്കാത്ത ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ശ്രീകാര്യം പൊലീസ് അന്വേഷണം തുടങ്ങി. കാറിലെത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 6.30ന് ശ്രീകാര്യം ജംഗ്‌ഷനിലെ കളഭം ലക്കി സെന്ററിലായിരുന്നു സംഭവം. കടയുടെ എതിർഭാഗത്ത് കാർ നിറുത്തിയിറങ്ങിയ ആൾ കടയിലെത്തി കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള വിൻവിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് കൊടുക്കുകയും 5000 രൂപയുടെ സമ്മാനം ഉണ്ടെന്നും മാറിത്തരണമെന്നും ആവശ്യപ്പെട്ടു. റിസൾട്ടുമായി ഒത്തുനോക്കിയപ്പോൾ അയാൾ നൽകിയ wc 644184 ടിക്കറ്റ് നമ്പറിന് അയ്യായിരം രൂപയുടെ സമ്മാനം ഉള്ളതായി ബോദ്ധ്യപ്പെട്ടു. സിറ്റിയിലേക്ക് പോവുകയാണെന്നും കൈയിലെ എ.ടി.എം കാർഡ് എറർ ആയതിനാൽ വാഹനത്തിൽ പെട്രോൾ അടിക്കാൻ കൈയിലെ പണം തികയില്ലെന്നും ഇയാൾ പറഞ്ഞു. അതിനാലാണ് യാത്രക്കിടെ ടിക്കറ്റ് ഇവിടെ മാറ്റി പണം വാങ്ങാമെന്ന് കരുതിയതെന്നും പറഞ്ഞതോടെയാണ് സമ്മാനത്തുക നൽകാൻ കടക്കാരൻ തയ്യാറായത്. പണം കൈപ്പറ്റിയ ശേഷം കടയിൽ നിന്ന് പുതിയ ലോട്ടറി ടിക്കറ്റുമെടുത്തതാണ് ഇയാൾ മടങ്ങിയത്. ഉച്ചയോടെ കടയുടമ സമ്മാനമടിച്ച ടിക്കറ്റുമായി പഴവങ്ങാടിയിലെ ലോട്ടറി മൊത്തക്കച്ചവടസ്ഥാനപത്തിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. തട്ടിപ്പ് നടത്തിയയാൾ കൊണ്ടുവന്ന ടിക്കറ്റിന്റെ യഥാർത്ഥ നമ്പർ wc 644134 എന്നായിരുന്നു. ഇതിലെ ' 3 'എന്ന അക്കം '8 'ആക്കിമാറ്റിയാണ് തട്ടിപ്പ് നടത്തിയത്.