crimatorium

കൊയിലാണ്ടി: ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിൽ കൊയിലാണ്ടി നഗരസഭ ഉള്ളിയേരി പഞ്ചായത്തിനെ കണ്ടു പഠിക്കണം. പതിറ്റാണ്ടുകളായി കൊയിലാണ്ടിയിൽ ക്രിമിറ്റോറിയം സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ട്. ഇപ്പോഴും പ്രാഥമിക പ്രവർത്തനം പോലുമായിട്ടില്ല. തൊട്ടടുത്ത ഉള്ളിയേരിയിൽ ആധുനിക സൗകര്യത്തോടു കൂടിയ ശ്മശാന നിർമ്മാണം അവസാന ഘട്ടത്തിലാണ്. നഗരസഭയുടെ 2019-20 ബജറ്റിലും ഒരു കോടി രൂപ നിർമ്മാണ ചെലവിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു.

ജനസാന്ദ്രത കൂടിയ നഗരസഭയാണിത്. ച.കി.മീ 2375 ആണ് ജനസാന്ദ്രത. മൃതദേഹം അടക്കാൻ സ്ഥലമില്ലാത്തത് സാധാരണക്കാരെ ഒട്ടൊന്നുമല്ല അലട്ടുന്നത്. നാല് സെന്റ് ഉൾപ്പെടെ നിരവധി കോളനികളിൽ ജീവിക്കുന്നവരുടെ എണ്ണം കുറവല്ല. അയ്യായിരം രൂപ ആംബുലൻസിന് വാടക നൽകി കോഴിക്കോട്ടെ പൊതു ശ്മശാനത്തിൽ എത്തിച്ച് ദഹിപ്പിക്കേണ്ട അവസ്ഥയാണ്. കൂട്ടുകുടുംബം അണുകുടുംബത്തിലേക്ക് മാറിയതോടെ പ്രശ്നം സങ്കീർണ്ണമായി.

താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവർ വർഷകാലത്ത് മരണമുണ്ടായാൽ അനുഭവിക്കുന്ന പ്രശ്നം സങ്കടമാണ്. നഗരസഭ ഫണ്ട് നീക്കി വെക്കാറുണ്ടെങ്കിലും സ്ഥലം ലഭ്യമല്ലെന്ന വാദമാണ് നിരത്തുക. പഞ്ചായത്ത് ആയിരുന്ന കാലത്ത് ശ്മശാനം നിർമ്മിക്കാൻ കുറുവങ്ങാട് വരക്കുന്നിൽ സ്ഥലം വാങ്ങിയതായി കൗൺസിലർ യു. രാജീവൻ പറഞ്ഞു. എന്നാൽ ഈ സ്ഥലം നഗരസഭ വനിതാ പരിശീലന, മാലിന്യ പരിപാലന ബോധവത്ക്കരണ സമുച്ചയമാക്കി. ശ്മശാനം നിർമ്മിക്കുന്നതിന് പ്രദേശവാസികളുടെ എതിർപ്പ് ഉണ്ടായതായി നഗരസഭ ചൂണ്ടിക്കാട്ടുന്നു. നഗരസഭയായി കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും, ഇനി എന്നാണ് ക്രിമിറ്റോറിയം വരികയെന്നാണ് ചോദ്യം.