ok

മട്ടന്നൂർ: ഇന്നോളം നേരിൽ കണ്ടിട്ടില്ലാത്ത മലയാളികൾ നവമാദ്ധ്യമങ്ങളിൽ പരിചയപ്പെട്ടപ്പോൾ പിറന്നു വീണത് ഒരുഗ്രൻ സംഗീത വിസ്മയം. ഒ.കെ മലയാളീസ് എന്ന പേരിലുള്ള ആൽബമാണ് വൈറലാകുന്നത്.

പല രാജ്യങ്ങളിൽ ജീവിക്കുന്ന ചെറുപ്പക്കാർ വാട്ട്സാപ്പിലും ഫേസ്ബുക്കിലുമാണ് കൈകോർത്തത്. സർഗ്ഗ വാസനകൾ മനസിലാക്കിയതോടെ ഒ.കെ.എം മ്യൂസിക്ക് കമ്പനി രൂപീകരിച്ചു. ഇതിനിടെ എഴുതിയ വരികൾ വിനീത് ശ്രീനിവാസന്റെയും രാജേഷ് ചേർത്തലയുടെയും (പുല്ലാങ്കുഴൽ) ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥിന്റെയും സഹായത്തോടെ സംഗീതം നൽകി. ഒക്ടോബർ 8 ന് യൂട്യൂബിൽ നടൻ കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, സംഗീത സംവിധായകൻ ശരത് തുടങ്ങിയ 15 പേർ ചേർന്ന് പുറത്തിറക്കി. ശ്രീകുമാർ ശശിധരൻ, അരുൺ ഗോപിനാഥ്, ജോമിത്ത് ഗോപാൽ എന്നിവർ ചേർന്നാണ് വരികൾ എഴുതിയത്. ശ്രീകുമാർ ശശിധരൻ, ജിൻസ് ഗോപിനാഥ് എന്നിവരാണ് സംഗീതം. സൂര്യ ദേവ്, ദിനേഷ് നായർ എന്നിവർ എഡിറ്റിംഗ് നടത്തി. ഐ.ടി മേഖയിൽ പ്രവർത്തിക്കുന്ന ശ്രീജിത്ത് എടവണ്ണ, ശ്രീകുമാർ ശശിധരൻ, കേരള ഫയർ ഫോഴ്സ് ജീവനക്കാരനായ അരുൺ, യു.എ.ഇയിൽ എൻജിനീയറായ ജോമിത്ത് ഗോപൽ എന്നിവരും പിന്നണി പ്രവർത്തകരായി. ഇറ്റലിയിലെ ജിംഗിൾ ജോസും യു.എസ്.എയിലെ ജിം സിറിയക്ക്, ജപ്പാനിലെ പ്രജി ലാൽ, സ്‌കോട്ട്ലാൻഡിലെ സൂരജ് അലൻ ലാൽ, മലേഷ്യയിലെ പ്രിയ, യു.എ.ഇയിലെ സൂരജ്, നിധിൻ, ജിജോ ലേഖ എന്നിവരും കൂട്ടായ്മയുടെ ഭാഗമാണ്.