
കോഴിക്കോട്: മാനാഞ്ചിറയിലെ മൊബൈൽ ജയിൽ ഫുഡ് കൗണ്ടർ ജനകീയമാകുന്നു. പ്രവർത്തനം തുടങ്ങി ദിവസങ്ങൾക്കകം വിൽപ്പന കുത്തനെ ഉയർന്നു. ജയിൽ നിർമ്മിക്കുന്ന ബിരിയാണി, ചപ്പാത്തി, ചിക്കൻ ചില്ലി, ചിക്കൻ കറി, വെജിറ്റബിൾ കറി, മുട്ടക്കറി എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. പത്തു രൂപയ്ക്ക് കുടിവെള്ളം ലഭിക്കുന്നതും സാധാരണക്കാരെ ആകർഷിക്കുന്നു.
എൽ.ഐ.സിക്ക് മുന്നിലായതിനാൽ ആളുകൾക്ക് സാധനങ്ങൾ വാങ്ങാനും എളുപ്പമാണ്. ഹോട്ടലുകളും മറ്റും അടഞ്ഞു കിടക്കുന്നതിൽ കൂടുതൽ പേരും മൊബൈൽ കൗണ്ടറിനെ ആശ്രയിക്കുകയാണ്. ബസ് കാത്തു നിൽക്കുന്നവരും വാഹനത്തിൽ വരുന്നവരും ധാരാളമായി ഭക്ഷണങ്ങൾ വാങ്ങുന്നുണ്ടെന്ന് കൗണ്ടർ ജീവനക്കാരൻ കെ.വി സുധീഷ് പറയുന്നു. ഏഴ് മണിയാണ് പ്രവർത്തന സമയമെങ്കിലും പലപ്പോഴും അതിനു മുൻപ് തന്നെ സാധനങ്ങൾ തീരുന്നതോടെ വീണ്ടും എത്തിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
വിലക്കുറവും വിശ്വസ്തതയോടെ വാങ്ങികഴിക്കാം എന്നതുമാണ് ജനപ്രിയമാക്കുന്നത്. ജില്ലാ ജയിലിന്റെ സഞ്ചരിക്കുന്ന ഫ്രീഡം ഫുഡ് കൗണ്ടറുകളിൽ ആദ്യത്തേതാണ് മാനാഞ്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ജില്ലാ ജയിലിനോട് ചേർന്നുള്ള വില്പനശാലയ്ക്ക് പുറമെ പുതിയറയിൽ മറ്റൊരു കൗണ്ടറും തുറന്നിട്ടുണ്ട്. പാളയം കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന മറ്റൊരു മൊബൈൽ കൗണ്ടറും പരിഗണനയിലാണ്. തടവുകാർ നിർമ്മിച്ച കുട, കാർ വാഷ്, ഡിഷ്വാഷ് എന്നിവയും മൊബൈൽ കൗണ്ടറുകളിൽ ലഭ്യമാകും. രാവിലെ 8 മുതൽ രാത്രി 7 വരെയാണു പ്രവർത്തനസമയം.
വില ഇങ്ങനെ
അഞ്ച് ചപ്പാത്തിയും വെജിറ്റബിൾ കറിയുമടങ്ങുന്ന പാക്കറ്റിന് 25
അഞ്ച് ചപ്പാത്തിയും ചിക്കൻ കറിയുമടങ്ങുന്ന പാക്കറ്റിന് 35
വെജിറ്റബിൾ കറി 15
ബിരിയാണി 65
ചില്ലിചിക്കൻ 60
കുപ്പിവെള്ളം 10